മരിച്ച ഭവാനി ( ഇടത്)

സംസ്ഥാനത്ത് തകര്‍ത്ത് പെയ്യുന്ന മഴയില്‍ വ്യാപകനാശം. കാസര്‍കോട് ഒഴുക്കില്‍പ്പെട്ട് കാണാതായ സ്ത്രീ മരിച്ചു. കൂഡ്​ലു സ്വദേശി ഭവാനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. മൊഗ്രാൽ പുഴയിൽ മഴവെള്ളപ്പാച്ചിൽ രൂക്ഷമായതോടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. മധുർ ഉൾപ്പെടെയുള്ള ജില്ലയുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്. സാഹചര്യം കണക്കിലെടുത്ത് പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. Also Read: കാലവര്‍ഷം ശക്തം; തീവ്രമഴ തുടരുന്നു; കണ്ണൂരില്‍ പശുക്കള്‍ ഷോക്കേറ്റ് ചത്തു

വയനാട് ബാണാസുര ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന് 2390 അടിയിലെത്തിയതോടെ ബ്ലൂ അലര്‍ട് പ്രഖ്യാപിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രളയസാധ്യതയെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ ഉപ്പള, നീലേശ്വരം (ചായ്യോം റിവർ സ്റ്റേഷൻ), മൊഗ്രാൽ (മധുർ സ്റ്റേഷൻ) നദികളില്‍ ഓറഞ്ച് അലര്‍ട് പുറപ്പെടുവിച്ചു. കാര്യങ്കോട് പുഴയില്‍ യെലോ അലര്‍ടും പുറപ്പെടുവിച്ചിട്ടുണ്ട്. നദികളില്‍ ഇറങ്ങുകയോ മുറിച്ചു കടക്കാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. Read More: വെള്ളത്തിലിറങ്ങരുത്’, വീട്ടിലിരുന്ന് പഠിക്കണമെന്ന് കലക്ടർ; രണ്ട് ജില്ലകളില്‍ അവധി

കണ്ണൂരിലും മഴക്കെടുതി തുടരുകയാണ്. പെരുമഴയില്‍ കണ്ണൂര്‍–പയ്യാവൂര്‍ വണ്ണായിക്കടവ് പാലം മുങ്ങി. പയ്യാവൂര്‍–നെല്ലിക്കുറ്റി റോഡില്‍ ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. എറണാകുളം ഏലൂരില്‍ ആല്‍മരത്തിന്‍റെ ചില്ല ഒടിഞ്ഞ് വീണ് വിദ്യാര്‍ഥിയടക്കം രണ്ടുപേര്‍ക്ക് പരുക്കേറ്റു. കോട്ടയത്ത് ദുരിതാശ്വാസക്യാംപുളള സ്കൂളുകൾക്കും കുട്ടനാട് താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. 

അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസറഗോഡ് ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും വീശിയേക്കാം. 

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് താഴെ പറയുന്ന നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ടുകള്‍ പ്രഖ്യാപിച്ചതായി സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC)  അറിയിച്ചു.  ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക . 

  • ഓറഞ്ച് അലര്‍ട്: കോഴിക്കോട് : കോരപ്പുഴ (കുന്നമംഗലം സ്റ്റേഷൻ), പത്തനംതിട്ട :  മണിമല (തോണ്ടറ സ്റ്റേഷൻ) 
  • യെലോ അലര്‍ട് 

തിരുവനന്തപുരം : കരമന (വെള്ളൈകടവ് സ്റ്റേഷൻ-CWC). കൊല്ലം : പള്ളിക്കൽ (ആനയടി സ്റ്റേഷൻ),പത്തനംതിട്ട : അച്ചൻകോവിൽ (കല്ലേലി & കോന്നി GD സ്റ്റേഷൻ), മണിമല (കല്ലൂപ്പാറ സ്റ്റേഷൻ-CWC), തൃശൂർ : കരുവന്നൂർ  (കുറുമാലി & കരുവന്നൂർ സ്റ്റേഷൻ), കീച്ചേരി (ആലൂർ സ്റ്റേഷൻ -CWC), പാലക്കാട് : ഭവാനി (കോട്ടത്തറ സ്റ്റേഷൻ CWC) , കോഴിക്കോട് : കോരപ്പുഴ (കൊള്ളിക്കൽ സ്റ്റേഷൻ), കണ്ണൂർ : പെരുമ്പ (കൈതപ്രം റിവർ സ്റ്റേഷൻ), കവ്വായി (വെല്ലൂർ റിവർ സ്റ്റേഷൻ).

  • യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.   
ENGLISH SUMMARY:

Heavy monsoon rains are causing widespread damage across Kerala. A woman drowned in Kasaragod floods, while a bridge in Kannur-Payyavoor is submerged, disrupting traffic. Blue alert issued for Banasura Dam in Wayanad and orange alerts for several rivers in Kasaragod due to rising water levels. Schools are closed in Kasaragod.