ബുധനാഴ്ച മഹാറാലി നടക്കാനിരിക്കെ ആശാ വര്‍ക്കര്‍മാര്‍ക്ക് നിര്‍ബന്ധിത പരിശീലനം പ്രഖ്യാപിച്ച് സര്‍ക്കാര്‍. പോര്‍ട്ടര്‍ പരിചിതമാക്കാനുള്ള പരിശീലനമാണ് നാളെ നടക്കുക. കാസര്‍കോട് നിന്ന് ആരംഭിച്ച ആശാ പ്രവര്‍ത്തകരുടെ സമരയാത്ര 18 ന് മഹാറാലിയോടെ തിരുവനന്തപുരത്ത് അവസാനിക്കാനിരിക്കെയാണ് പരിശീലനം. സമരം പൊളിക്കാനുള്ള നീക്കമെന്ന് സമരത്തിലുള്ള ആശമാർ പ്രതികരിച്ചു.
Also Read: ‘ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം കൂട്ടേണ്ട’; ഒഞ്ചിയത്തെ നടപടി സര്‍ക്കാര്‍ തടഞ്ഞു
രാപകല്‍ സമരം തുടരുമ്പോഴും ആശമാര്‍ ഉന്നയിച്ച അടിസ്ഥാന പ്രശ്നങ്ങള്‍ അതേപടി തുടരുന്നു. ഒാണറേറിയം കൂട്ടിയില്ലെന്ന് മാത്രമല്ലപലയിടത്തും വെട്ടിച്ചുരുക്കിയെന്നുമാണ് ആശമാരുടെ ആക്ഷേപം. വേരിയബിള്‍ ഇന്‍സെന്‍റീവ് 500 രൂപയില്‍ താഴെ പോയവര്‍ക്ക് പ്രതിമാസം കിട്ടുന്നത് 3,500 രൂപ മാത്രമാണ്. ഒാണറേറിയം നല്കുന്നതില്‍ മാനദണ്ഡം വയ്ക്കില്ലെന്ന് പറഞ്ഞ സര്‍ക്കാര്‍ വാഗ്ദാനം ലംഘിച്ചെന്നാണ് സമരക്കാരുടെ പരാതി. സമരക്കാരെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും ആശമാര്‍ ആക്ഷേപിക്കുന്നു. ആശാസമരത്തോടുളള വഞ്ചന നിലമ്പൂരില്‍ പ്രതിഫലിക്കുമെന്നുളള നിലപാടിലാണ് ആശമാര്‍.