പ്രളയഭീതിയുള്ള ആറന്മുളയിലെ നീർത്തടങ്ങളിൽ ഒരു തരിമണ്ണു പോലും വീഴാൻ അനുവദിക്കില്ലെന്ന് വിമാനത്താവള വിരുദ്ധ സമര സമിതി. വിമാനത്താവള പദ്ധതി ഉപേക്ഷിച്ച സ്ഥലത്ത് ഐടി പദ്ധതി തുടങ്ങാനുള്ള കെജിഎസ് ഗ്രൂപ്പിന്റെ നീക്കത്തിനോടാണ് പ്രതികരണം. സർക്കാർ അഭിപ്രായം തേടിയപ്പോൾ പരിശോധിച്ച് ഉചിതമായ നടപടിയെടുക്കാനാണ് നിർദ്ദേശമെന്ന് കലക്ടർ പറയുന്നു
ആറന്മുളയിൽ 90 ശതമാനവും നീർത്തടങ്ങൾ ഉള്ള 344 ഏക്കറിൽ വിമാനത്താവളം തുടങ്ങാനുള്ള പദ്ധതി വൻ സമരങ്ങളെ തുടർന്നാണ് കെജിഎസ് ഗ്രൂപ്പിന് ഉപേക്ഷിക്കേണ്ടിവന്നത്. TOFL എന്ന പേരിലേക്ക് മാറിയാണ് ഇതേ സ്ഥലത്ത് ഐടി പാർക്കിന് ശ്രമിക്കുന്നത്. നിലം നികത്തിയുള്ള ഒരു നിർമ്മാണവും ആറൻമുളയിൽ അനുവദിക്കില്ലെന്നും, കരഭൂമിയിൽ ആയിക്കോട്ടെ എന്നുമാണ് പഴയ സമരസമിതി പ്രവർത്തകരുടെ നിലപാട്. ആറന്മുളയിൽ നികത്തിയ നീർത്തടങ്ങൾ പുനസ്ഥാപിച്ച് അവിടെ നെൽകൃഷി വരെ തുടങ്ങിയതാണ്
ഉടനടി പഴയ വിമാനത്താവള വിരുദ്ധ സമരസമിതി യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തും. കൃഷി വകുപ്പ് പദ്ധതിയെ എതിർത്തിട്ടുണ്ട് എന്നുള്ളതാണ് സമരസമിതിയുടെ ആത്മവിശ്വാസം. പദ്ധതിയുടെ സാധ്യതയെക്കുറിച്ച് സർക്കാർ റിപ്പോർട്ട് തേടിയെന്നും, സ്ഥലത്തെക്കുറിച്ച് അടക്കം മറുപടി നൽകിയിട്ടുണ്ട് എന്നും പത്തനംതിട്ട ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണ പറഞ്ഞു.