പ്ലസ് വണ്‍ പ്രവേശനത്തിന്റ അവസാന അലോട്ട്മെന്‍റും പ്രസിദ്ധീകരിച്ചതോടെ മലബാറില്‍ സീറ്റില്ലാതെ 56,619 വിദ്യാര്‍ഥികള്‍. 1,416 സീറ്റുകള്‍ മാത്രമാണ് ഇനി ഒഴിവുള്ളത്. ബുധനാഴ്ചയാണ് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്.
മലബാറില്‍ ഇതുവരെ പ്രവേശനം നേടിയത് 132193 പേര്‍. അപേക്ഷിച്ചിരുന്നത് 188812 വിദ്യാര്‍ഥികള്‍. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പുറത്ത് നില്‍ക്കുന്നത് മലപ്പുറത്താണ് . 25082 പേര്‍. മലപ്പുറത്ത് ശേഷിക്കുന്നതാകട്ടെ വെറും 95 സീറ്റുകള്‍ മാത്രമാണ്. കോഴിക്കോട് ജില്ലയില്‍ 20 സീറ്റുകള്‍ ശേഷിക്കുമ്പോള്‍ പ്രവേശനം കിട്ടാതെ കാത്ത് നില്‍ക്കുന്നത് 16889 വിദ്യാര്‍ഥികളാണ്.
കാസര്‍കോട് ഒഴിവുള്ള സീറ്റുകളുടെ എണ്ണം 644 ആണ്. അപേക്ഷിച്ചവരുടെ പട്ടികയില്‍ ശേഷിക്കുന്നത് 4701 കുട്ടികള്‍. കണ്ണൂരില്‍ 9947 വിദ്യാര്‍ഥികള്‍ക്കായി ഇനിയുള്ളത് 657 സീറ്റുകള്‍ മാത്രമാണ്. അതായത് 31 ശതമാനം മാര്‍ജിനല്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചിട്ടും മലബാറിലെ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായില്ലെന്ന് ചുരുക്കം. അപേക്ഷയില്‍ പിഴവോ ആക്ഷേപങ്ങളോ ഉണ്ടെങ്കില്‍ അത് പരിഹരിക്കാനായാണ് നിശ്ചിതസീറ്റ് ഒഴിച്ചിടുന്നത്.