പ്രമുഖ സൈക്ലിങ് ഈവന്‍റ്സ് സംഘടനയായ ഓഡാക്സ് ഇന്ത്യ റാന്‍ഡൊണേഴ്സിന്‍റെ ഉയര്‍ന്ന ബഹുമതിയായ എസ്ആര്‍ ടൈറ്റില്‍ കരസ്ഥമാക്കിയ കൊച്ചി കുമ്പളം സ്വദേശി പ്രദീപ് കുമാറിന് ഇത് അഭിമാന നിമിഷം. അറുന്നൂറ് കിലോമീറ്റര്‍ ദൂരം വെറും നാല്‍പത് മണിക്കൂറില്‍ പിന്നിട്ടാണ് അന്‍പതിയാറുകാരനായ പ്രദീപ് കുമാര്‍ നേട്ടം കൈവരിച്ചത്.
ഒരുവര്‍ഷം കൊണ്ട് നാല് ഘട്ടങ്ങളായി നിശ്ചിത സമയത്തിനുള്ളില്‍ 1500 കിലോമീറ്റര്‍. സൈക്ലിങ്ങിലെ അപൂര്‍വ നേട്ടമായ എസ്ആര്‍ ടൈറ്റില്‍ നേടണമെങ്കില്‍ കടമ്പകളേറെ കടക്കണം. അവസാന ഘട്ടത്തില്‍ ഏറെ ദുര്‍ഘടം നിറഞ്ഞ വഴിയിലൂടെ നാല്‍പത് മണിക്കൂറില്‍ അറുന്നൂറ് കിലോമീറ്റര്‍ ദൂരം താണ്ടിയാണ് പ്രദീപ് കുമാര്‍ തന്‍റെ ഏറെനാളത്തെ സ്വപ്നം കൈപിടിയിലൊതുക്കിയത്.
കോയമ്പത്തൂരില്‍ നിന്ന് ആരംഭിച്ച് പുതുക്കോട്ട, പല്ലടം, ഓട ഛത്രം, കരൂര്‍ എന്നിവിടങ്ങളിലൂടെയായിരുന്നു സഞ്ചാരം. യാത്രയ്ക്കൊപ്പം കൂടിയ ശക്തമായ കാറ്റായിരുന്നു പ്രധാന വെല്ലുവിളി. മുന്‍ നേവി ഉദ്യോഗസ്ഥനായ പ്രദീപ് കുമാറിന് ഇനിയും സ്വപ്നങ്ങളേറെ. പ്രായത്തെ വെറും അക്കങ്ങളാക്കി മുന്നേറണം.. ലണ്ടനില്‍ നടക്കുന്ന 1500 കിലോമീറ്റര്‍ ഈവെന്‍റായ എല്‍.ഇ. എല്ലാണ് അടുത്ത ലക്ഷ്യം.