സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. അഞ്ചു ജില്ലകളിൽ റെഡ് അലർട്ടും ഒൻപതു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. മറ്റുജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്. എല്ലാ ജില്ലകളിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഉയർന്ന തിരമാലകൾക്കും കടലേറ്റത്തിനും സാധ്യതയുണ്ട്. ശക്തമായ കാറ്റും ഉണ്ടാകും. ബുധനാഴ്ചവരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം ജില്ലയില്‍ മലയോര മേഖലയില്‍ ഉള്‍പ്പെടെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്. വെങ്ങാനൂര്‍, ചിറയിന്‍കീഴ് എന്നിവിടങ്ങളില്‍ മരം വീണ് വീടുകള്‍ക്ക് കേടുപാടുണ്ടായി. ചാല യു.പി.സ്കൂളിന്‍റെ മതിലിടിഞ്ഞ് സ്കൂള്‍ കെട്ടിടത്തിന് മുന്നിലേക്ക് വീണു. വെട്ടുകാട് ഭാഗത്ത് ശക്തമായ കടലാക്രമണം അനുഭവപ്പെടുന്നുണ്ട്. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി നെയ്യാര്‍ ഡാമിന്‍റെ നാല് ഷട്ടറുകളും തുറന്ന് ജലമൊഴുക്കുന്നുണ്ട്. പുഴകളിലും നദിയിലും ജലനിരപ്പ് കാര്യമായി ഉയര്‍ന്നു. നഗരമേഖലയില്‍ ഉള്‍പ്പെടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുമുണ്ട്.
വടക്കന്‍ കേരളത്തില്‍ ഇന്ന് റെഡ് അലേര്‍ട്ട്. ക്വാറി പ്രവര്‍ത്തനം, മണ്ണെടുക്കല്‍, ഖനനം എന്നിവ താത്കാലികമായി നിര്‍ത്തിവച്ചു. ജലാശയങ്ങളുമായി ബന്ധപ്പെട്ടുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു. ചുരം, മലയോര മേഖലകളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കോഴിക്കോട് മലാപ്പറമ്പ് കരിയാത്തന്‍കാവ് ക്ഷേത്രത്തിനുമുകളില്‍ മരം വീണു. ആര്‍ക്കും പരുക്കില്ല. കനത്ത മഴയില്‍ പാലക്കാട് അമ്പലപ്പാറ പൊട്ടച്ചിറ സ്വദേശി നാണിയുടെ വീട് തകര്‍ന്നു. തൃത്താല വട്ടത്താണിയില്‍ വന്‍മരത്തിന്‍റെ കൊമ്പ് പൊട്ടി കാറിനുമുകളില്‍ വീണു. ഡ്രൈവര്‍ ബ്രേക്കിട്ടതിനാല്‍ അപകടം ഒഴിവായി. കേരളതീരത്ത് ജാഗ്രതാ നിര്‍ദേശമുണ്ട്. രാത്രിവരെ വലിയ തിരമാലകള്‍ക്ക് സാധ്യതയുണ്ട്.