കോഴിക്കോട് മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പ്രതിചേർക്കപ്പെട്ട പൊലീസുകാരനെ മുഖ്യമന്ത്രിയുടെ കോൺവോയ് വാഹനത്തിലെ ഡ്രൈവറായി നിയമിച്ചു. കഴിഞ്ഞദിവസം നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കായി കോഴിക്കോട് ഗസ്റ്റ്ഹൗസിൽ എത്തിയപ്പോഴാണ് ആരോപണ വിധേയനായ സനിത്തിനെ ഡ്രൈവർ ആക്കിയത്. സിറ്റി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ ഇടപെട്ട് അവസാന നിമിഷം ഇയാളെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി. അതേസമയം സെക്സ് റാക്കറ്റ് കേസിൽ പ്രതികളായ പൊലീസുകാർ ഒളിവിൽ ആണ്. കേസിൽ പ്രതി ചേർത്തതിന് പിന്നാലെ ഷൈജിത്ത്, സനിത്ത് എന്നിവരെ സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തിരുന്നു.
Also Read: ഫോണ്‍വിളി മാത്രമല്ല; പൊലീസുകാര്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ അതിഥികളായുമെത്തി, എത്തിയത് ഡ്രൈവര്‍മാര്‍
സെക്സ് റാക്കറ്റുമായി ഷൈജിത്തിനും സനിത്തിനും ഉള്ളത് അടുത്ത ബന്ധമെന്നാണ് വിവരം. പൊലിസിന്‍റെ സ്വാധീനം ഉപയോഗിച്ച് റാക്കറ്റിന് വഴിവിട്ട സഹായങ്ങള്‍ നല്‍കിയത് ഇരുവരുമാണ്. പിടിയിലായ നടത്തിപ്പുകാരിയടക്കമുള്ള 9 പേരുടെ ഫോണ്‍ രേഖകള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. പെണ്‍വാണിഭ സംഘത്തിന്‍റെ നടത്തിപ്പുകാരി ഷൈജിത്തിനെയും സനിത്തിനെയും ഫോണില്‍ ബന്ധപ്പെടാത്ത ദിവസങ്ങളില്ല. ഇതിന് പുറമേ ഷൈജിത്തിന് ദിനംപ്രതി വരുമാനവിഹിതവും അയച്ചുനല്‍കിയിരുന്നു.
പലപ്പോഴും നടത്തിപ്പുകാരില്‍ ഒരാളായിരുന്നു ഷൈജിത്ത്. പെണ്‍വാണിഭ സംഘത്തിന് വേണ്ടി പലയിടത്ത് നിന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങിയതും റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ നടത്തിയതുമെല്ലാം ഷൈജിത്താണ്. ഇക്കാര്യങ്ങളില്ലെല്ലാം കൃത്യമായ തെളിവുകള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടക്കാവ് പൊലീസ് പ്രതി ചേര്‍ത്തത്. ഇതിന് പിന്നാലെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ ടി.നാരായണന്‍റെ ഉത്തരവ്. റിപ്പോര്‍ട്ട് സിറ്റി പൊലിസ് കമ്മീഷണര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് മലാപ്പറമ്പിലെ അപാര്‍ട്മെന്‍റില്‍ നിന്ന് പെണ്‍വാണിഭ സംഘത്തെ അറസ്റ്റ് ചെയ്തത്.