കോഴിക്കോട് മലാപ്പറമ്പ് അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ചുള്ള പെണ്‍വാണിഭക്കേസില്‍ പ്രതികളായി പൊലീസുകാരും. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ മുഖ്യപ്രതി വയനാട് സ്വദേശി ബിന്ദുവിനെ ചോദ്യം ചെയ്തപ്പോഴാണ് പൊലീസുകാരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്.
ബിന്ദുവിന്‍റെ ഫോണിന്‍റെ കോള്‍ ലോഗ് പരിശോധിച്ച് നമ്പറുകള്‍ തേടിപ്പോയപ്പോഴാണ് രണ്ടു പൊലീസുകാരും വിളിച്ചിരുന്നതായി അന്വേഷണസംഘത്തിനു അറിയാന്‍ സാധിച്ചത്. പെണ്‍വാണിഭ കേന്ദ്രത്തില്‍ പൊലീസുകാരും പലപ്പോഴായി അതിഥികളായെത്തിയെന്നാണ് വിവരം. രണ്ടു ബ്രാഞ്ചിലെ ഡ്രൈവര്‍മാരാണെന്നാണ് അനൗദ്യോഗിക വിവരം. സംഭവത്തിന്‍റെ അടിസ്ഥാനത്തില്‍ രണ്ടുപേരെയും ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തി. ഇരുവര്‍ക്കുമെതിരെ അന്വേഷണം ആരംഭിച്ചു. പെൺവാണിഭ കേന്ദ്രത്തിലെത്തിയ കോഴിക്കോട് വിജിലൻസ് വിഭാഗത്തിലെയും സിറ്റി കൺട്രോൾ റൂമിലെയും ഡ്രൈവർമാർക്ക് എതിരെയാണ് അന്വേഷണം.
പിടിയിലായവരുടെയും നടത്തിപ്പുകാരുടെയും ഫോൺവിളികൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പൊലീസുകാരെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന റെയ്ഡിലാണ് നടത്തിപ്പുകാരി അടക്കം 9 പേർ അറസ്റ്റിൽ ആയത്. പ്രതികളില്‍ ബിന്ദു ഒഴികെയുള്ളവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് ഒമ്പത് പേര്‍ അറസ്റ്റിലായത്.
അപ്പാര്‍ട്ട്മെന്റില്‍ സെക്സ് റാക്കറ്റ് കേന്ദ്രം പ്രവര്‍ത്തിക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടക്കാവ് പോലീസ് നടത്തിയ റെയ്ഡിലായിരുന്നു അറസ്റ്റ്. കോഴിക്കോട് സ്വദേശിയുടേതാണ് അപ്പാര്‍ട്ട്മെന്റ്. രണ്ട് വര്‍ഷം മുമ്പ് ബഹ്റൈന്‍ ഫുട്ബോള്‍ ടീമിന്‍റെ ഫിസിയോതെറാപ്പിസ്റ്റ് എന്ന് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് അപ്പാര്‍ട്ട്മെന്റ് വാടകയ്ക്ക് നല്‍കിയത്.