സി.എം.ആര്‍.എല്‍ – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ ടി.വീണ. എസ്.എഫ്.ഐ.ഒ അന്വേഷണം നടക്കുന്നതിനാല്‍ സമാന്തര അന്വേഷണങ്ങള്‍ പാടില്ല. എക്സാലോജിക് സൊല്യൂഷന്‍സ് ബെനാമി കമ്പനിയല്ലെന്നും സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാണെന്നും സത്യവാങ്മൂലത്തില്‍ വീണ വാദിച്ചു. മുഖ്യമന്ത്രിയുടെ മകളായതിനാലാണ് തന്നെ കേസില്‍ പെടുത്തുന്നതെന്നും സത്യവാങ്മൂലത്തിലുണ്ട്.
മാസപ്പടി ആരോപണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട ് എറണാകുളം സ്വദേശി എം.ആര്‍.അജയന്‍ നല്‍കിയ ഹര്‍ജിയിലാണ് ടി.വീണയുടെ സത്യവാങ്മൂലം. എസ്.എഫ്.ഐ.ഒ നടത്തിയ അന്വേഷണവുമായി താന്‍ പൂര്‍ണമായി സഹകരിക്കുകയും രേഖകള്‍ കൈമാറുകയും ചെയ്തിട്ടുണ്ട്. കമ്പനി നിയമം പരിചയാക്കിയാണ് സി.ബി.ഐ വരാന്‍ പാടില്ല എന്ന് വീണ വാദിക്കുന്നത്. എസ്.എഫ്.ഐ.ഒ അന്വേഷിക്കുമ്പോള്‍ മറ്റ് ഏജന്‍സികളുടെ സമാന്തര അന്വേഷണങ്ങള്‍ പാടില്ല.
വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ കോടതികള്‍ തള്ളിയതാണ്. ആദായ നികുതി ഇന്‍ററിം സെറ്റില്‍മെന്‍റ് ബോര്‍ഡിന്‍റെ കണ്ടെത്തലുകളാണ് ഹര്‍ജിക്ക് ആധാരം. ആ കണ്ടെത്തലുകളില്‍ താനോ എക്സാലോജിക് സൊല്യൂഷന്‍സോ കക്ഷികളല്ല. സി.എം.ആര്‍.എലുമായുള്ള സാമ്പത്തിക ഇടപാടുകളെല്ലാം ഇലക്ട്രോണിക് മാര്‍ഗം വഴിയും സുതാര്യവുമാണ്. ഇരു കമ്പനികളും തമ്മില്‍ കരാറുമുണ്ട്. ആദായനികുതി വകുപ്പിനോട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മറിച്ചുള്ള ഒരു രേഖയും ഹര്‍ജിക്കാരന്‍ ഹാജരാക്കിയിട്ടില്ല. എ.കെ.ജി സെന്‍റര്‍ സുരക്ഷിത നിക്ഷേപത്താവളമാക്കിയെന്ന ഹര്‍ജിക്കാരന്‍റെ ആക്ഷേപവും വീണ തള്ളി.
എ.കെ.ജി സെന്‍റര്‍ വിലാസത്തിലല്ല കമ്പനിയുടെ റജിസ്ട്രേഷന്‍. അതിന്‍റെ പേരിലല്ല കമ്പനികാര്യമന്ത്രാലയം പിഴ ഈടാക്കിയത്. കമ്പനിയുമായി പിതാവ് പിണറായി വിജയന് ബന്ധമില്ല. താന്‍ 2014ലാണ് കമ്പനി തുടങ്ങിയത്. പിതാവ് മുഖ്യമന്ത്രിയായത് 2016ലും. താന്‍ വിദ്യാസമ്പന്നയായ സംരംഭകയാണെന്നും സത്യവാങ്മൂലത്തില്‍ വീണ പറയുന്നു. എക്സാലോജിക് സൊല്യൂഷന്‍സ് സ്വതന്ത്ര സ്ഥാപനമാണ്. താനാണ് അതിന്‍റെ സ്ഥാപകയും നടത്തിപ്പുകാരിയും . ഊഹാപോഹത്തിന്‍റെ മാത്രം അടിസ്ഥാനത്തിലുള്ള ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും വീണ ആരോപിക്കുന്നു.