കൊടുവള്ളി സ്റ്റേഷനിലെ പിറന്നാളാഘോഷത്തില്‍ സിഐ കെ.പി.അഭിലാഷിനെതിരെ കടുത്ത നടപടിയുണ്ടായേക്കില്ല. അബദ്ധം പറ്റിയതാണെന്ന സിഐയുടെ വിശദീകരണം അംഗീകരിച്ച് ജാഗ്രതക്കുറവ് മാത്രമാണ് സംഭവിച്ചതെന്ന് വടകര റൂറല്‍ എസ്പി അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സിഐയുടെ പിറന്നാളിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനകത്ത് എത്തുകയും കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ വിവാദമാകുകയായിരുന്നു. Read More: ഇന്‍സ്പെക്ടറുടെ പിറന്നാളിനു യൂത്ത് കോൺഗ്രസ്സ് നേതാക്കൾ സ്റ്റേഷനില്‍ കേക്ക് മുറിച്ചു
ഇന്‍സ്പെക്ടര്‍ക്ക് ജാഗ്രതക്കുറവുണ്ടായതായി താമരശ്ശേരി ഡിവൈഎസ്പിയും കണ്ടെത്തിയിരുന്നു. സ്റ്റേഷനകത്ത് പിറന്നാള്‍ ആഘോഷിക്കുന്നതിലൂടെ തെറ്റായ കീഴ്വഴക്കവും സന്ദേശവും നല്‍കുന്നുവെന്നും താമരശേരി റൂറല്‍ എസ്പിക്ക് നല്‍കിയ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു.
അതേസമയം, സിഐ അഭിലാഷിന്‍റേത് ചട്ടവിരുദ്ധമായ നടപടിയാണെന്നും നിയമ നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. പരാതികള്‍ ഒത്തുതീര്‍പ്പാക്കി അഭിലാഷ് പണം വാങ്ങുന്നുണ്ടെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.