കോഴിക്കോട് കൊടുവള്ളി ഇന്‍സ്പെക്ടര്‍ കെപി അഭിലാഷിന്‍റെ പിറന്നാള്‍ ആഘോഷം വിവാദത്തില്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനകത്ത് കേക്ക് മുറിച്ച് ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് പിറന്നാള്‍ ആഘോഷം പുലിവാലായി മാറിയത്. ഇന്‍സ്പെക്ടറുടെ ഭാഗത്ത് ജാഗ്രതകുറവുണ്ടായെന്നാണ് താമരശേരി ഡിവൈഎസിപിയുടെ കണ്ടെത്തല്‍.
മേയ് 30നായിരുന്നു കൊടുവള്ളി ഇന്‍സ്പെകടര്‍ കെപി അഭിലാഷിന്‍റെ പിറന്നാള്‍. അന്നേദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തി ഇന്‍സ്പെക്ടര്‍ക്ക് ഒരുക്കിയ സര്‍പ്രൈസ് ആയിരുന്നു കേക്ക് മുറിച്ചുള്ള പിറന്നാള്‍ ആഘോഷം. മണിക്കൂറുകള്‍ക്കുള്ളില്‍ പിറന്നാള്‍ ആഘോഷം റീലായി. അത് സ്റ്റാറ്റസുകളായി. ഇതോടെയാണ് ആഘോഷത്തിനെതിരെ താമരശേരി ഡിവൈഎസ്പി അന്വേഷണം പ്രഖ്യാപിച്ചത്.
പിറന്നാള്‍ ആഘോഷിച്ചതില്‍ ഇന്‍സ്പെക്ടര്‍ക്ക് ജാഗ്രതകുറവുണ്ടായെന്നാണ് കണ്ടെത്തല്‍. സ്റ്റേഷനകത്ത് പിറന്നാള്‍ ആഘോഷിക്കുന്നതിലൂടെ തെറ്റായ കീഴ് വഴക്കവും സന്ദേശവും നല്‍കുന്നുവെന്നും താമരശേരി റൂറല്‍ എസ്പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ രണ്ട് ദിവസത്തിനകം അഭിലാഷിനെതിരെ നടപടി എടുക്കും. പിറന്നാള്‍ ആഘോഷം വിവാദമായതോടെ അന്നേദിവസം ലീഗ് പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തി കേക്ക് മുറിച്ച് ആഘോഷിച്ചതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.
ഈ പിറന്നാള്‍ ദിനം കെപി അഭിലാഷ് ഒരിക്കലും മറക്കാനിടയില്ല. എന്നാല്‍ അബദ്ധം പറ്റിപോയെന്നാണ് ഇന്‍സ്പെക്ടര്‍ നല്‍കുന്ന അനൗദ്യോഗിക വിശദീകരണം.