ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പ്രമുഖര്‍ക്കെതിരെയെടുത്ത കേസുകളും അവസാനിപ്പിക്കാനൊരുങ്ങുന്നു. ചലച്ചിത്ര താരങ്ങളായ ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനുമെതിരെയുള്ള പീഡനക്കേസില്‍ തെളിവില്ലെന്ന് പൊലീസ്. സാക്ഷികളും പരാതിക്കാരിക്ക് എതിരെന്നും റിപ്പോര്‍ട്ട്. ഇരുവരെയും കുറ്റവിമുക്തരാക്കണോയെന്ന് പ്രത്യേകസംഘം ഉടന്‍ തീരുമാനിക്കും. 18 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 2008ല്‍ നടന്ന ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പീഡിപ്പിച്ചെന്നായിരുന്നു ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനുമെതിരായ പരാതി. മുകേഷും മണിയന്‍പിള്ള രാജുവുമടക്കം ഏഴ് പേര്‍ക്കെതിരെ പരാതി നല്‍കിയ നടിയായിരുന്നു പരാതിക്കാരി.
ജയസൂര്യ പീഡിപ്പിച്ചത് സെക്രട്ടേറിയറ്റിലെ ശുചിമുറിയില്‍ വെച്ചെന്നാണ് പരാതി. പരാതിയില്‍ പറയുന്ന ദിവസം സെക്രട്ടേറിയറ്റ് കോംപൗണ്ടില്‍ ഷൂട്ടിങ് നടന്നിട്ടുണ്ടെങ്കിലും ഓഫീസിലോ മുറികളിലോ കയറാന്‍ അനുവാദം നല്‍കിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ രേഖ. പീഡനം നടന്നതായി പറയുന്ന ശുചിമുറി ഇടിച്ച് പൊളിച്ച് അവിടെ വനംമന്ത്രിയുടെ ഓഫീസായി മാറി. അതിനാല്‍ പരാതിക്കാരി പോലും കൃത്യമായി സ്ഥലംതിരിച്ചറിഞ്ഞിട്ടില്ല. ദൃക്സാക്ഷി പോയിട്ട് സാഹചര്യം തെളിയിക്കുന്ന സാക്ഷിമൊഴിപോലുമില്ല. പരാതിക്കാരിയുടെ രഹസ്യമൊഴിയും ജയസൂര്യയും പരാതിക്കാരിയും ആ സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചൂവെന്നത് മാത്രമാണ് അനുകൂല തെളിവുകളെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.
ബാലചന്ദ്രമേനോന്‍ ആ ഹോട്ടലില്‍ താമസിച്ചതായി പൊലീസ് ഉറപ്പിച്ചു. പക്ഷെ പരാതിക്കാരി അവിടെ വന്നതിന് തെളിവില്ല. വര്‍ഷങ്ങള്‍ പഴകിയതിനാല്‍ സി.സി.ടി.വി ദൃശ്യം, മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പോലുള്ള തെളിവുകളുമില്ല. ഉപദ്രവത്തിന്‍റെ സാക്ഷിയായ പരാതിക്കാരി പറഞ്ഞ മറ്റൊരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് താനൊന്നും കണ്ടില്ലെന്ന് മൊഴിമാറ്റിയതും കേസിന് തിരിച്ചടിയായി. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ അഭിപ്രായം തേടിയശേഷമാവും ഇരുവരെയും കുറ്റവിമുക്തരാക്കണോ? ഉള്ള തെളിവ് വെച്ച് കുറ്റപത്രം നല്‍കണോയെന്ന് പൊലീസ് തീരുമാനിക്കുക.