അഴീക്കൽ തുറമുഖത്ത് നിന്ന് 44 നോട്ടിക്കൽ മൈൽ അകലെ ഉണ്ടായ കപ്പൽ അപകടത്തിൽ ഉൾപ്പെട്ടവരെ കരയ്ക്ക് എത്തിച്ചു. വാൻ ഹായ് 503 കപ്പലിൽ ഉണ്ടായിരുന്ന 22 പേരിൽ 18 പേരെയാണ് മംഗളൂരുവിലേക്ക് എത്തിച്ചത്. ഇതിൽ ഗുരുതരമായി പരുക്കേറ്റ രണ്ടുപേർ ഉൾപ്പെടെ ആറുപേരെ മംഗലാപുരം എ.ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചരിക്കുകയാണ്. 12 പേരെ എ.ജെ ഹോട്ടലിലേക്ക് മാറ്റി. അപകടത്തിൽ ഉൾപ്പെട്ട നാലു പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
കപ്പലപകടത്തിൽ പരുക്കേറ്റ രണ്ടു പേർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കി വരികയാണെന്ന് എ.ജെ ആശുപത്രിയിലെ ഡോക്ടർ ദിനേഷ് കഥം. 30 മുതൽ 40 ശതമാനം വരെ പൊള്ളലാണ് ഇവർക്ക് ഏറ്റിരിക്കുന്നത്. പരുക്ക് തീയിൽ നിന്നുള്ളതാണെന്നും രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും ഡോക്ടർ പറഞ്ഞു. അപകടത്തെത്തുടര്‍ന്ന് 20 കണ്ടെയ്നറുകള്‍ കടലില്‍ വീണു. തീപിടിപ്പിച്ചാല്‍ കത്തുന്ന ദ്രാവകങ്ങളുള്‍പ്പെടെയാണ് കപ്പലില്‍ ഉള്ളത്.
മലിനീകരണനിയന്ത്രണ ബോര്‍ഡിന്‍റെ േനതൃത്വത്തില്‍ കണ്ണൂരില്‍ കടല്‍വെള്ളം പരിശോധിച്ചു. കപ്പലില്‍ അമ്പതോളം കണ്ടെയ്നര്‍ ഉണ്ടെന്ന് മന്ത്രി വി.എന്‍.വാസവന്‍ പ്രതികരിച്ചു. കണ്ടെയ്നറുകള്‍ക്കുള്ളിലെ വസ്തുക്കളെപ്പറ്റി വിവരം ലഭ്യമല്ലെന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു. കപ്പലില്‍ പൊട്ടിത്തെറി ഉണ്ടായെന്നും അതിനുശേഷം കണ്ടെയ്നറുകള്‍ കടലില്‍ വീഴുകയായിരുന്നുവെന്നും ബേപ്പൂര്‍ പോര്‍ട്ട് ഓഫിസര്‍ ഹരി അച്യുത വാര്യര്‍ പറഞ്ഞു. കപ്പലില്‍ അപകടരമായ വസ്തുക്കള്‍ ഉണ്ടെന്ന് അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.