അട്ടപ്പാടിയില്‍ ഒരു വയസുകാരനു മരുന്നു മാറി നല്‍കിയെന്ന പരാതിയില്‍ നീതികിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് കുടുംബം. കഴിഞ്ഞ ആറാം തിയതിയാണ് നെല്ലിപ്പതി സ്വദേശി സ്നേഹയുടേയും അരുണിന്‍റെയും കുഞ്ഞിനു അട്ടപ്പാടി കോട്ടത്തറ താലൂക്ക് ആശുപത്രിയില്‍ നിന്ന് മരുന്ന് മാറിനല്‍കിയെന്ന് പരാതി ഉയര്‍ന്നത്.
72 കാരന്‍റെ ഷീറ്റ് ഒരുവയസുകാരന്‍റെ കുടുംബത്തിനു മാറി നല്‍കിയതടക്കമുള്ള അനാസ്ഥക്കെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ നാളിതുവരെയായി വിഷയത്തില്‍ ഉത്തരാവാദിത്തപ്പെട്ടവരില്‍ നിന്ന് ഒരു വിവരവും ലഭിച്ചില്ലെന്ന് കുട്ടിയുടെ മാതാവ് മനോരമന്യൂസിനോട് പ്രതികരിച്ചു.ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും ആരോഗ്യമന്ത്രിക്കും ജില്ലാ കലക്‌ടര്‍ക്കും കുടുംബം പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷിക്കാനെത്തിയവര്‍ ആശുപത്രി അധികൃതരെ ന്യായീകരിക്കുകയായിരുന്നെന്നും മാതാവ് സ്നേഹ പറഞ്ഞു.
പനി ബാധിച്ചതിലാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാധാരണയായി ഒരുവയസുകാരന് നല്‍കാവുന്നതിനേക്കാള്‍ ഇരട്ടി ഡോസില്‍ ഫ്രിസിയം മരുന്നു നല്‍കിയെന്നും കുഞ്ഞിനു ബോധക്ഷയമുണ്ടായെന്നുമാണ് കുടുംബത്തിന്‍റെ പരാതി. കൃത്യമായി അന്വേഷിച്ചു കാരണക്കാര്‍ക്കെതിരെ നടപടി വേണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.