തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ഉപകരണക്ഷാമത്തെ തുടർന്ന് ശസ്ത്രക്രിയകൾ മാറ്റി. ന്യൂറോ റേഡിയോളജി വിഭാഗത്തിലെ 10 പ്രധാന ശസ്ത്രക്രിയകളാണ് മാറ്റിയത്. ഇന്നു മുതൽ ശസ്ത്രക്രിയകൾ പൂർണമായും നിർത്തിവയ്ക്കുമെന്ന് ന്യൂറോ റേഡിയോളജി വിഭാഗം ആശുപത്രി അധികൃതർക്ക് കത്ത് നൽകിയിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് രാവിലെ ശ്രീചിത്ര ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തും. പുതിയ ബഹുനില മന്ദിരം പണിതിട്ടും പ്രവർത്തനങ്ങൾ അവിടേക്ക് മാറ്റാൻ ആകാത്ത പ്രതിസന്ധിയും ഉപകരണ ക്ഷാമവും എല്ലാം ചർച്ചയാകും. എന്നാൽ വകുപ്പ് മേധാവികളെ ചർച്ചയുടെ വിവരം അറിയിച്ചിട്ടില്ല. 2023 നു ശേഷം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങൾക്ക് ടെൻഡർ നൽകാത്തതാണ് ശസ്ത്രക്രിയകൾ മുടങ്ങാൻ കാരണം.
അതേസമയം, ശ്രീചിത്ര ആശുപത്രിയിലെ പ്രതിസന്ധി അവലോകനം ചെയ്യുമെന്നും സ്ഥിതി കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്നും സുരേഷ് ഗോപി അറിയിച്ചു. ആരോഗ്യമന്ത്രിയുമായി സംസാരിക്കുമെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. വസ്തുതകള്‍ കൃത്യമായി പരിശോധിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസിലും വിവരം കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.