കാട്ടുപന്നിക്ക് സ്ഥാപിച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി അനന്ദു മരിച്ച കേസിൽ അന്വേഷണം ഇന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. വൈദ്യുതി കെണി സ്ഥാപിച്ച വിനീഷ് ആണ് ഇതുവരെ അറസ്റ്റിലായത്. അനന്തുവിന്റെ മരണം രാഷ്ട്രീയ ചർച്ചയായിരിക്കെ സിപിഎം ഇന്ന് വഴിക്കടവ് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തും. യുഡിഎഫും എൻഡിഎയും വനം ഓഫീസിലേക്കും മാർച്ച് നടത്തുന്നുണ്ട്.
പ്രതിപക്ഷ നേതാവ് വി സതീശനും മനുഷ്യാവകാശ കമ്മീഷൻ ചെയർമാനും ഇന്ന് അനന്ദുവിന്റെ വീട് സന്ദർശിക്കുന്നുണ്ട്. രമേശ് ചെന്നിത്തലയും പി.കെ.കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള യുഡിഎഫ് നേതാക്കളും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, മന്ത്രിമാരായ പി.രാജീവ് , പി.എ.മുഹമ്മദ് റിയാസ് എന്നിവരും ബിജെപി നേതാക്കളായ കേന്ദ്രമന്ത്രി ജോർജ് കുര്യൻ, രാജീവ് ചന്ദ്രശേഖർ എന്നിവരും ഇന്ന് മണ്ഡലത്തിൽ പര്യടനത്തിന് എത്തുന്നുണ്ട്.
പ്രതി വിനീഷ് മൃഗങ്ങളെ വേട്ടയാടി ഇറച്ചി വില്‍ക്കുന്നയാളാണ്. വൈദ്യുതിക്കെണി നായാട്ടിന് വച്ചതെന്നും ഇറച്ചിക്കായെന്നും പ്രതിയുടെ മൊഴി. മനഃപൂര്‍മല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. പുലര്‍ച്ചെ വീട്ടില്‍നിന്ന് രക്ഷപെടാന്‍ ശ്രമിച്ച വിനീഷിനെ ഓടിച്ചിട്ട് പിടികൂടിയെന്ന് ഡിവൈഎസ്പി പറഞ്ഞു. വിനീഷിന് മറ്റുകേസുകളില്ല. ഇന്ന് കോടതിയില്‍ ഹാജരാക്കും. മറ്റൊരാളെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. മരിച്ച അനന്ദുവിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വൈദ്യുതി മോഷണം ചൂണ്ടിക്കാട്ടി ആറുമാസം മുന്‍പ് പരാതി നല്‍കിയിരുന്നു. പരാതിപ്പെട്ടിട്ടും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ നടപടിയെടുത്തില്ലെന്നും ആരോപണം.