കാസർകോട് ജില്ലയിൽ തദ്ദേശസ്ഥാപനങ്ങളിലെ മരാമത്ത് ജോലികളിൽ ഗുരുതര ക്രമക്കേട്. ഗുണനിലവാര പരിശോധന ഉറപ്പുവരുത്താതെ കരാറുകാർക്ക് ലക്ഷങ്ങള്‍ അനുവദിച്ചെന്ന് വിവരാവകാശരേഖ. 8 തദ്ദേശസ്ഥാപനങ്ങളിലെ 15 മരാമത്ത് ജോലികളിലാണ് ക്രമക്കേട് കണ്ടെത്തിയത്.
കാസർകോട് ജില്ലയിലെ 8 തദ്ദേശസ്ഥാപനങ്ങളിലാണ് മരാമത്ത് ജോലിയുമായി ബന്ധപ്പെട്ട ക്രമക്കേട് കണ്ടെത്തിയത്. മരാമത്ത് ജോലികൾക്ക് ഉപയോഗിക്കുന്ന ഇൻറർലോക്ക് ടൈൽ ഉൾപ്പെടെയുള്ള വസ്തുക്കളുടെ ഗുണനിലവാരം പരിശോധന നടത്താതെയാണ് പണം അനുവദിച്ചതെന്നാണ് കണ്ടെത്തല്‍. 15 മരാമത്ത് ജോലികളിലാണ് എൻജിനീയർമാർ കരാറുകാർക്ക് അനധികൃതമായി പണം അനുവദിച്ചത്. തൃക്കരിപ്പൂർ, ചെറുവത്തൂർ, പൈവളിക, കയ്യൂർ ചീമേനി, ഈസ്റ്റ് എളേരി, കീനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തുകളിലും, നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകളിലും ആണ് ക്രമക്കേട് കണ്ടെത്തിയത്. ലക്ഷങ്ങളാണ് ഈ തദ്ദേശസ്ഥാപനങ്ങൾ സർക്കാർ ചട്ടങ്ങൾ ലംഘിച്ച് അനുവദിച്ചത്.
പൊതുമരാമത്ത് ചീഫ് ടെക്നിക്കൽ എക്സാമിനറുടെ സർക്കുലർ പ്രകാരം ഇന്റർലോക്ക്, പ്രീകാസ്റ്റ് ടൈലുകളുടെ ഗുണനിലവാരം പരിശോധിച്ചു ഉറപ്പുവരുത്തിയാൽ മാത്രമേ തുക അനുവദിക്കാൻ പാടുകയുള്ളൂ. ഈ ചട്ടം ലഭിച്ചുകൊണ്ടാണ് കാസർകോട് ജില്ലയിൽ നിന്നും മാത്രം ലക്ഷങ്ങൾ അനുവദിക്കപ്പെട്ടത്. വിഷയത്തിൽ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്കും, കാസർകോട് ജില്ല ജോയിന്റ് ഡയറക്ടർക്കും, വിജിലൻസ് ഡയറക്ടർക്കും പരാതി നൽകിയിട്ടുണ്ട്.
ചട്ടംലംഘിച്ച് അനുവദിച്ച തുക
തൃക്കരിപ്പൂർ പഞ്ചായത്ത് - 3,86,556
ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് - 35,863
കയ്യൂർ ചീമേനി ഗ്രാമപഞ്ചായത് - 1,10,839
ഈസ്റ്റ് എളരി ഗ്രാമപഞ്ചായത്ത് - 4,48,821
കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് - 3,00,000
പൈവളിക ഗ്രാമപഞ്ചായത്ത് - 58,806
നീലേശ്വരം നഗരസഭ - 1,92,036
കാഞ്ഞങ്ങാട് നഗരസഭ - 6,23,560