ഇടുക്കി അടിമാലിയിൽ ക്യാൻസർ രോഗബാധിതയെ കട്ടിലിൽ കെട്ടിയിട്ട് പണം കവർന്ന കേസിൽ മനോരമ ന്യൂസ് വാർത്തക്ക് പിന്നാലെ കൈത്താങ്ങായി ദുബായ് ഡോക്ടർ. രോഗബാധിത ഉഷ സന്തോഷിന് നഷ്ടപ്പെട്ട പണം അയച്ചു നൽകി. മോഷ്ടാവിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ചികിത്സക്കായി കരുതിയ 16500 രൂപ മോഷ്ടാവ് കവർന്നത് ഉള്ളു പൊള്ളിയാണ് ഉഷ മനോരമ ന്യൂസിനോട് വെളിപ്പെടുത്തിയത്. മനസാക്ഷി മരവിക്കുന്ന ക്രൂരത കണ്ടറിഞ്ഞതോടെ ദുബായിൽ ജോലി ചെയ്യുന്ന ഡോക്ടർ നഷ്ടപ്പെട്ട പണം അയച്ചു നൽകി
വ്യാഴഴ്ച്ച രാവിലെ ഏഴ് മണിയോടെയാണ് വീട്ടിൽ അതിക്രമിച്ചു കയറിയ മോഷ്ടാവ് ഉഷയെ കെട്ടിയിട്ട് പണവുമായി കടന്നത്. രണ്ട് ദിവസമായി അടിമാലി പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. ഇതോടെയാണ് ജില്ല പൊലീസ് മേധാവി അന്വേഷണത്തിന് ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പത്തംഗ സംഘത്തെ നിയോഗിച്ചത്.
വീട്ടിൽ നിന്ന് കിട്ടിയ ശാസ്ത്രീയ തെളിവുകൾ വിശദമായി പരിശോധിക്കും. ഒരാഴ്ചയ്ക്ക് മുമ്പ് ഒരാൾ വീട്ടിലെത്തി ചികിത്സയുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞെന്നും ഇയാളെ സംശയമുണ്ടെന്നുമാണ് ഉഷയുടെ മൊഴി . സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇയാളെ കണ്ടെത്താൻ അന്വേഷണസംഘം ശ്രമം തുടങ്ങി