water-metro

TOPICS COVERED

അപകടത്തില്‍പ്പെട്ട കൊച്ചി വാട്ടര്‍ മെട്രോ ബോട്ടിന്‍റെ വിദഗ്ധ സമിതി പരിശോധനയില്‍ മെല്ലെപോക്ക്. വിവിധ തലത്തിലുള്ള പരിശോധനകള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം മാത്രം വിദഗ്ധ സമിതിയുടെ അന്വേഷണം മതിയെന്നാണ് നിലപാട്. ഇതോടെ എല്ലാ വാട്ടര്‍ മെട്രോ   ബോട്ടുകളുടെയും റിവേഴ്സ് ഗിയര്‍ പരിശോധനയും വൈകുമെന്ന് ഉറപ്പായി.

ഹൈക്കോടതി വാട്ടര്‍ ടെര്‍മിനലിലേക്ക് അടുക്കുന്നതിനിടെ മെട്രോ ബോര്‍ഡ് ഫ്ലോട്ടിങ് ജെട്ടിയില്‍ ഇടിച്ചുണ്ടായ അപകടത്തെ തുടര്‍ന്നാണ് ബോട്ട് വിദഗ്ധ സമതി അടിയന്തരമായി പരിശോധിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. കൊച്ചിന്‍ ഷിപ്പ‌്‌യാര്‍ഡ്, കുസാറ്റ്, വാട്ടര്‍ മെട്രോ എന്നിവയില്‍ ഉന്നത ഉദ്യോഗസ്ഥരടങ്ങിയ വിദഗ്ധ സമിതി രൂപീകരിച്ചെങ്കിലും പരിശോധന എന്നുവുണ്ടാവുമെന്ന കാര്യത്തില്‍ യാതൊരു വ്യക്തതയുമില്ല. നിലവില്‍ പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയിട്ടുള്ളത്. ബോട്ടിന്‍റെ റിവേഴ്സ് ഗിയര്‍ പ്രവര്‍ത്തിക്കാത്തതാണ് അപകടത്തിന് കാരണമെന്നാണ്  ആദ്യഘട്ടത്തിലെ കണ്ടെത്തല്‍.

 വിവിധതലങ്ങളില്‍ ബോട്ട് പരിശോധിച്ചതിന് ശേഷം  മാത്രം വിദഗ്ധ സമിതിയുടെ അന്വേഷണം മതിയെന്നാണ് അധികൃതരുടെ നിലപാട്. പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും വിദഗ്ധ സമിതിയ്ക്ക് സമയപരിധി നല്‍കിയിട്ടില്ല. തുടര്‍ച്ചയായി അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ എല്ലാ വാട്ടര്‍ മെട്രോ ബോട്ടുകളുടെയും പരിശോധന ഉടന്‍ നടത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ അപകടത്തില്‍പ്പെട്ട ബോട്ടിന്‍റെ പരിശോധനകളെല്ലാം പൂര്‍ത്തീകരിച്ചതിന് ശേഷം മാത്രം മറ്റ് ബോട്ടുകളില്‍ പരിശോധന നടത്താനാണ്  നിലവിലെ തീരുമാനം. എല്ലാ സുരക്ഷാ സംവിധാനങ്ങളുമുണ്ടെന്ന് അവകാശപ്പെടുന്ന കൊച്ചി വാട്ടര്‍ മെട്രോ തുടര്‍ച്ചയായി രണ്ടാം തവണയും അപകടത്തില്‍പ്പെട്ടതോടെ യാത്രക്കാരും കടുത്ത ആശങ്കയിലാണ്.

ENGLISH SUMMARY:

The expert committee's investigation into the Kochi Water Metro boat accident is progressing slowly. A decision has been made to conduct the expert committee's inquiry only after completing various levels of inspections. This delay will consequently postpone the reverse gear inspection for all Water Metro boats.