sindhu-chalakudy

TOPICS COVERED

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ട്രെയിനില്‍ നിന്ന് ചാടി അധ്യാപിക ജീവനൊടുക്കി. ചാലക്കുടി സ്വദേശി ജയപ്രകാശിന്‍റെ ഭാര്യ സിന്ധു(40)വാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നിലമ്പൂര്‍ പാസഞ്ചറില്‍ നിന്നുമാണ് ഹയര്‍ സെക്കന്‍ററി അധ്യാപികയായ സിന്ധു ചാടിയത്. ട്രെയിനില്‍ നിന്ന് ഒരു സ്ത്രീ റെയില്‍വേ പാലമെത്തിയപ്പോള്‍ ബാഗുമായി ചാടിയതായി രണ്ട് യുവാക്കള്‍ പൊലീസില്‍ വിവരമറിയിച്ചു. ചാടുന്നതിനിടെ റെയില്‍വേ പാലത്തിന്‍റെ കൈവരിയില്‍ ഇവര്‍ ഇടിച്ചതായും യുവാക്കള്‍ വെളിപ്പെടുത്തി.

ഇതിനിടെ സിന്ധു ടീച്ചര്‍ സ്റ്റേഷനില്‍ ഇറങ്ങിയിട്ടില്ലെന്ന് ഒപ്പമുണ്ടായിരുന്ന ടീച്ചറും വിവരമറിയിച്ചു. തുടര്‍ന്ന് അഗ്നിരക്ഷാസേനയുടെ സ്കൂബ ടീം മൂന്ന് മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് ഫറോക്ക് ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളിലെ സോഷ്യോളജി അധ്യാപികയായിരുന്നു സിന്ധു. കഴിഞ്ഞ സ്ഥലംമാറ്റത്തിനിടെയാണ് ചെറുതുരുത്തി ഗവ. ഹയര്‍സെക്കന്‍ററി സ്കൂളിലേക്ക് സ്ഥലം മാറ്റം കിട്ടിയത്. മൂന്ന് ദിവസം മുന്‍പ് മാത്രമാണ് ഇവര്‍ ചെറുതുരുത്തിയില്‍ ജോലിക്ക് പ്രവേശിച്ചത്. ഇവിടെ നിന്ന് മടങ്ങവേയായിരുന്നു ജീവനൊടുക്കിയത്. 

സാമ്പത്തിക ബാധ്യതയോ മറ്റ് ബുദ്ധിമുട്ടുകളോ മാനസിക സമ്മര്‍ദമോ സിന്ധുവിന് ഉണ്ടായിരുന്നതായി അറിവില്ലെന്ന് ബന്ധുക്കളും കുടുംബാംഗങ്ങളും വെളിപ്പെടുത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും. 

ENGLISH SUMMARY:

A 40-year-old higher secondary teacher, Sindhu, wife of Jayaprakash from Chalakudy, died by suicide after jumping from the Nilambur Passenger train into the Chalakudy River. Eyewitnesses reported she hit the bridge railing.