കാസര്‍കോട് കുമ്പളയില്‍ 2023 മുതലുള്ള ഗതാഗത നിയമലംഘന നോട്ടിസുകൾ ഒന്നിച്ച് അയച്ചെന്ന മനോരമ ന്യൂസ് വാർത്തയിൽ ഇടപെട്ട് മന്ത്രി കെ.ബി ഗണേഷ് കുമാർ. വിഷയത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗത കമ്മിഷണറോട് നിർദ്ദേശിച്ചു. കുമ്പള ബദിയടുക്ക കെഎസ്‌ടിപി റോഡിൽ സ്ഥാപിച്ച എ.ഐ ക്യാമറയിൽ നിന്നാണ് പിഴകൾ വന്നത്. മേഖലയിലെ 400 ഓളം പേർക്കാണ് കൂട്ടപിഴ ലഭിച്ചത്. 2023 മുതലുള്ള ചെല്ലാനുകൾ ഒന്നിച്ച് വന്നതോടെ ചിലർ ഒരു ലക്ഷത്തിന് മുകളിൽ വരെ പിഴ അടക്കണം. മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ.
കുമ്പള-ബദിയഡുക്ക റോഡിൽ കുമ്പള ടൗണിനു സമീപത്തു സ്ഥാപിച്ചിരുന്ന ക്യാമറയാണ് പണി കൊടുത്തത്. 2023ൽ സ്ഥാപിച്ച ക്യാമറയിൽ നിന്ന് അടുത്ത് വരെ ആർക്കും പിഴ ലഭിച്ചിരുന്നില്ല. ക്യാമറ പ്രവർത്തിക്കുന്നില്ലെന്ന് കരുതി നിയമലംഘനം നടത്തിയവർക്കാണ് പണി കിട്ടിയത്. എന്നാല്‍ 2023 മുതലുള്ള മുഴുവൻ പിഴകളും ഒരുമിച്ച് വരികയായിരുന്നു.
ഗതാഗത നിയമലംഘനം കണ്ടെത്തിയാൽ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ചെല്ലാൻ, ചുരുങ്ങിയത് 15 ദിവസത്തിനുള്ളിൽ അയക്കണം എന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയം പറയുന്നത്. 2023ൽ സമാനമായ പരാതിയിൽ കേരള ഹൈക്കോടതി മോട്ടോർ വാഹന വകുപ്പിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. അങ്ങനെയിരിക്കെയാണ് വർഷങ്ങൾ പഴക്കമുള്ള ചെല്ലാനുകൾ ഒരു പ്രദേശത്തെ മുഴുവൻ ആളുകൾക്കും നൽകിയിരിക്കുന്നത്.