pprasad

TOPICS COVERED

കൂണ്‍ കൃഷിയുടെ സാധ്യതകള്‍ പഠിക്കാനും കേരളത്തില്‍ നടപ്പാക്കുന്നതിനുമായി കൃഷിമന്ത്രിയും ഉദ്യോഗസ്ഥരും കര്‍ഷകരും ഹിമാചല്‍പ്രദേശിലേക്ക്. കൂണ്‍ ഉപയോഗിക്കുന്നതിലൂടെ അര്‍ബുദം ഉള്‍പ്പെടെയുള്ള രോഗങ്ങളെ പ്രതിരോധിക്കാമെന്ന പഠനങ്ങളും രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന്‍റെ ഭാഗമാവും. സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ യാത്ര പാഴ് ചെലവെന്ന വിമര്‍ശനങ്ങള്‍ക്ക് കൃഷിയും വേണ്ടെന്ന് പറയുമോയെന്ന് കൃഷിമന്ത്രി പി.പ്രസാദ് മനോരമ ന്യൂസിനോട്. 

കൃഷിരീതി ശാസ്ത്രീയമായി പരീക്ഷിച്ച് വിജയിച്ചിടത്തേക്കാണ് യാത്ര. മികവ് നേരില്‍ക്കണ്ട് പഠിക്കുന്നതിനൊപ്പം കേരളത്തിലും മികച്ചരീതിയില്‍ നടപ്പാക്കുകയാണ് ലക്ഷ്യം. അര്‍ബുദം ഉള്‍പ്പെടെയുള്ള ഗുരുതര രോഗങ്ങള്‍ക്ക് കൂണ്‍ ഉപയോഗം പ്രതിരോധം തീര്‍ക്കുമെന്ന വിദഗ്ധപഠനങ്ങളും യാത്രയ്ക്ക് പ്രചോദനമെന്നാണ് സംഘം പറയുന്നത്. കൃഷിമന്ത്രിയും, കൃഷിവകുപ്പ് ഡയറക്ടറും കാര്‍ഷിക കോളജിലെ അധ്യാപകരും കര്‍ഷകരും ഉള്‍പ്പെടെയുള്ള ഒന്‍പതംഗ സംഘം തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് ഹിമാചല്‍പ്രദേശില്‍ പഠനത്തിനായി എത്തുക. സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ പാഴ് ചെലവല്ലേ യാത്രയെന്ന് വിമര്‍ശിക്കുന്നവരോട് കൃഷിയുടെ മികവ് തേടിയാണ് യാത്രയെന്നും കേരളത്തിന് ഗുണകരമാവുമെന്നും മന്ത്രി. 

പഠനത്തിന്‍റെ ഉള്ളടക്കം പിന്തുടര്‍ന്ന് സംസ്ഥാനത്ത് കൂണ്‍കൃഷി വ്യാപിപ്പിക്കുന്നതിന് 100 കൂണ്‍ഗ്രാമങ്ങള്‍ സ്ഥാപിക്കാനാണ് ഹോര്‍ട്ടികള്‍ചര്‍ മിഷന്‍റെ തീരുമാനം. 20 ബ്ലോക്കുകളില്‍ ആദ്യഘട്ടത്തില്‍ പദ്ധതി വ്യാപിപ്പിക്കും. വരുമാന സാധ്യതയുള്ള സംരംഭമെന്ന നിലയില്‍ ഗ്രാമീണ മേഖലയിലെ സ്ത്രീകള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും കൂണ്‍ കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള രൂപരേഖ നടപ്പാക്കും.

ENGLISH SUMMARY:

To explore the potential of mushroom cultivation in Kerala, the Agriculture Minister, officials, and farmers have embarked on a study tour to Himachal Pradesh. The visit aims to understand best practices and technologies to implement successful mushroom farming in the state.