സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ പത്തു ദിവസത്തിനിടെ രണ്ടിരട്ടി വര്‍ധന. വകഭേദങ്ങള്‍ തിരിച്ചറിയാന്‍ സാംപിളുകള്‍ ജനിതക ശ്രേണീകരണം നടത്തും. കോവിഡ് ലക്ഷണങ്ങളോടെ ചികില്‍സ തേടുന്നവര്‍ക്ക് പരിശോധന കര്‍ശനമാക്കിയതോടെ രോഗബാധിരുടെ എണ്ണം ഉയരും.
സംസ്ഥാനത്ത് കോവിഡ് ബാധിരുടെ എണ്ണം അതിവേഗമാണ് ഉയരുന്നത്. മേയ് 1 വരെ വെറും 37 പേര്‍ക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. മേയ് 26 ന് 430 ആയി രോഗികളുടെ എണ്ണം ഉയര്‍ന്നു. ഇന്നലെ വരെയുളള കണക്കുകളില്‍ രോഗബാധിരുടെ എണ്ണം 1416 ആയി ഉയര്‍ന്നു. ഗര്‍ഭിണികള്‍ , ശസ്ത്രക്രിയകള്‍ക്ക് വിധേയരാകുന്നവര്‍ തുടങ്ങി ചില വിഭാഗങ്ങള്‍ക്ക് മാത്രം പരിശോധന നടത്തിയിട്ടും രോഗബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നു. ഇതോടെയാണ് കോവിഡ് രൂക്ഷമായിരുന്ന കാലത്തെ നിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് പൊടി തട്ടിയെടുത്തത്. ഇന്നലെ മുതല്‍ ലക്ഷങ്ങളോടെ ചികില്‍സ തേടുന്നവര്‍ക്ക് ആന്‍റിജന്‍ പരിശോധന തുടങ്ങി.
Read Also: കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ബാധിച്ചവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം
നെഗറ്റീവ് ആകുന്നവര്‍ക്ക് ആര്‍ ടി പി സി ആര്‍ പരിശോധന നടത്തണമെന്നാണ് നിര്‍ദേശം.രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർക്ക് മാസ്ക് നിർബന്ധമാക്കി.കോവിഡ്, ഇൻഫ്ളുവൻസ രോഗികളെ ആശുപത്രികളിൽ പ്രത്യേക വാർഡിൽ പാർപ്പിക്കണം.ആശുപത്രികളിൽ എല്ലാവർക്കും മാസ്ക് നിർബന്ധമാക്കണമെന്നും സന്ദർശകരുടെ തിരക്ക് നിയന്ത്രിക്കണമെന്നും മാർഗ നിർദേശത്തിലുണ്ട്. കേരളത്തിലാണ് രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ഉ ള്ളത്.
ഇന്നലെ വരെ 9 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ വ്യാപകമായി പടരുന്ന ഒമിക്രോൺ ജെഎൻ വൺ വകഭേദമായ എൽ എഫ് 7 ആണ് കേരളത്തിലും പടരുന്നത്. വകഭേദങ്ങള്‍ തിരിച്ചറിയാന്‍ സാംപിളുകള്‍ ജനിതക ശ്രേണീകരണം നടത്താനും ആരോഗ്യവകുപ്പ് നിർദേശം നല്കി. കോവിഡ് രൂക്ഷമായ കാലത്ത് ചെയ്തിരുന്നതുപോലെ പൊതുവിടങ്ങളിൽ മാസ്ക് ധരിക്കുന്നതും സാമൂഹ്യ അകലം പാലിക്കുന്നതും അഭികാമ്യമെന്നും നിർദ്ദേശമുണ്ട്.