തൃശൂര്‍ പൂരം കലക്കലില്‍ റവന്യൂമന്ത്രി കെ.രാജന്‍റെ ആരോപണം തള്ളി എഡിജിപി എം.ആര്‍. അജിത്കുമാറിന്‍റെ മൊഴി. പൂരം മുടങ്ങിയ സമയത്ത് മന്ത്രി വിളിച്ചതായി അറിയില്ല. രാത്രി വൈകിയതിനാല്‍ ഉറങ്ങിയിരുന്നുവെന്നും ഡിജിപിക്ക് മൊഴി നല്‍കി.അന്വേഷണം പൂര്‍ത്തിയാക്കിയ ഡിജിപി ഈ മാസം മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും. റിപ്പോര്‍ട്ടില്‍ അജിത്കുമാറിനെതിരെ കുറ്റപ്പെടുത്തലെന്ന് സൂചന.
തൃശൂര്‍ പൂരം കലങ്ങിയതില്‍ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി അജിത്കുമാറിന് വീഴ്ചയെന്നായിരുന്നു ഡിജിപിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ഇതില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിശദ അന്വേഷണം നടത്തുന്നത്.
അന്വേഷണത്തില്‍ അജിത്കുമാറിനെതിരെ ലഭിച്ച നിര്‍ണായകമൊഴിയായിരുന്നു മന്ത്രി കെ.രാജന്‍റേത്. പൂരം മുടങ്ങിയ സമയത്ത് എഡിജിപിയെ പലതവണ വിളിച്ചിട്ടും ഫോണെടുത്തില്ലെന്നാണ് രാജന്‍ ആരോപിച്ചത്.
ഈ ആരോപണം ഭാഗീകമായി തള്ളിക്കൊണ്ടാണ് അജിത്കുമാറിന്‍റെ മൊഴി. പൂരത്തില്‍ പ്രശ്നമുണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് തന്നിരുന്നതായി എഡിജിപി സമ്മതിച്ചു. രാത്രി പത്തര വരെ മന്ത്രി വിളിച്ചപ്പോള്‍ ഫോണില്‍ സംസാരിക്കുകയും പൂരം തടസമില്ലാതെ നടക്കാനുള്ള നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ 12 മണിക്ക് ശേഷം താന്‍ ഉറങ്ങി. അതിന് ശേഷം മന്ത്രി വിളിച്ചതായി അറിയില്ല. ഉറങ്ങിയതിനാല്‍ പിറ്റേദിവസം മാത്രമാണ് പൂരത്തില്‍ പ്രശ്നങ്ങളുണ്ടായത് അറിഞ്ഞതെന്നും എഡിജിപി വിശദീകരിക്കുന്നു. അജിത്കുമാറിന്‍റെ മൊഴിയോടെ 8 മാസം മുന്‍പ് മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം പൂര്‍ത്തിയായി.
പൂരം നടത്തിപ്പിന്‍റെ മുഖ്യചുമതലയുണ്ടായിരുന്ന എഡിജിപി പൂരം കലങ്ങിയത് അറിഞ്ഞില്ലായെന്ന് സമ്മതിക്കുകയാണ്. ഇത് തന്നെ വീഴ്ചയെന്ന് ഈ മാസം പകുതിയോടെ നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഡിജിപി ചൂണ്ടിക്കാട്ടിയേക്കും.