ഓണറേറിയം നല്കുന്നതില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഉപാധികള്‍ കടുത്ത വഞ്ചനയെന്ന് സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍. അഞ്ചാം തീയതിക്കുളളില്‍ ഓണറേറിയം നല്കുമെന്നുളള വാഗ്ദാനവും പാലിച്ചില്ല. ആശാ സമരത്തോടുളള വഞ്ചന നിലമ്പൂരില്‍ പ്രതിഫലിക്കുമെന്നുളള നിലപാടിലാണ് ആശമാര്‍.
ആശാപ്രവര്‍ത്തരുടെ രാപകല്‍ സമരം നൂറ്റിപതിനാലാം ദിവസത്തിലേയ്ക്ക് കടക്കുമ്പോഴും ആശമാര്‍ ഉന്നയിച്ച അടിസ്ഥാന പ്രശ്നങ്ങള്‍ അതേപടി തുടരുന്നു. ഓണറേറിയം കൂട്ടിയില്ലെന്ന് മാത്രമല്ല, പലയിടത്തും വെട്ടിച്ചുരുക്കിയെന്നുമാണ് ആശമാരുടെ ആക്ഷേപം. വേരിയബിള്‍ ഇന്‍സെന്‍റീവ് 500 രൂപയില്‍ താഴെ പോയവര്‍ക്ക് പ്രതിമാസം കിട്ടുന്നത് 3500 രൂപ മാത്രമാണ്. ഓണറേറിയം നല്കുന്നതില്‍ മാനദണ്ഡം വയ്കില്ലെന്ന് പറഞ്ഞ സര്‍ക്കാര്‍ വാഗ്ദാനം ലംഘിച്ചെന്നാണ് പരാതി. സമരക്കാരെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും ആക്ഷേപം.
കാസര്‍കോട് നിന്ന് ആരംഭിച്ച ആശാ പ്രവര്‍ത്തകരുടെ സമരയാത്ര നിലവില്‍ കോട്ടയം പിന്നിട്ടു. 18 ന് മഹാറാലിയോടെ തിരുവനന്തപുരത്ത് അവസാനിക്കും.