ആശാസമര സമാപനവേദിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയതില്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശന് കടുത്ത അതൃപ്തി. പ്രതിപക്ഷനേതാവിന്റെ ഓഫിസ് സമരസമിതിയെ ബന്ധപ്പെടുകയും സമരസമിതി ഇക്കാര്യം രാഹുലിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ വേദി വിട്ടു. രാഹുല്‍ പോയതിന് പിന്നാലെ വി.ഡി.സതീശന്‍ എത്തി. പ്രതിപക്ഷനേതാവ് പ്രസംഗിച്ച് തിരിച്ചുപോയതിന് പിന്നാലെ രാഹുല്‍ വീണ്ടും സമരപ്പന്തലിലെത്തി. സമരവേദിയില്‍ നിന്ന് ആരും ഇറക്കിവിട്ടില്ലെന്നും ട്രെയിനില്‍ പോകാനാണ് ഇറങ്ങിയതെന്നും രാഹുല്‍ വിശദീകരിച്ചു. വാര്‍ത്ത കണ്ടാണ് താന്‍ തിരിച്ചുവന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
ട്രെയിൻ പിടിക്കാനാണ് പോയതെന്നാണ് രാഹുല്‍ വിശദീകരിച്ചതെങ്കിലും, വീണ്ടും സംസ്ഥാനതലത്തില്‍ സജീവമാകാനുള്ള രാഹുലിന്റെ ശ്രമങ്ങൾക്ക് സതീശൻ തടയിട്ടു എന്നാണ് രാഷ്ട്രീയ നിരീക്ഷണം. ഈ നീക്കം വി.ഡി സതീശനോടുള്ള പരസ്യമായ വെല്ലുവിളിയായും സംസ്ഥാന രാഷ്ട്രീയത്തിൽ തന്റെ സ്ഥാനം ഉറപ്പിക്കാനുള്ള രാഹുലിന്റെ തന്ത്രപരമായ ശ്രമമായും വിലയിരുത്തപ്പെടുന്നു. വേദിയിലുണ്ടായിരുന്ന മുതിർന്ന നേതാവ് രമേശ് ചെന്നിത്തല രാഹുലുമായി സംസാരിക്കാനോ ഹസ്തദാനം നൽകാനോ തയ്യാറാവാതിരുന്നതും ശ്രദ്ധേയമായി.
അതേസമയം, 266 ദിവസം നീണ്ടുനിന്ന ആശാവർക്കർമാരുടെ സെക്രട്ടറിയേറ്റ് പടിക്കലിലെ സമരം അവസാനിച്ചു. പ്രതിജ്ഞയോടെയാണ് സമരം അവസാനിച്ചത്. ഓരോ വാർഡുകളിലും ഇനി സമരം വ്യാപിപ്പിക്കുമെന്ന് ആശാവർക്കർമാർ പറഞ്ഞു. സെക്രട്ടേറിയറ്റിനുമുന്നില്‍ നടന്ന സമരത്തേക്കാൾ രൂക്ഷമായിരിക്കും പ്രാദേശിക തലത്തിലേതെന്ന് സമാപനം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. 2026ൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ ആദ്യ കാബിനറ്റിൽ ആശമാരുടെ വിഷയത്തിൽ തീരുമാനമെടുക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.