ജൂണ്‍ 15നുള്ളില്‍ എല്ലാ സ്കൂളിലും അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാകുമെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ കലവൂരില്‍ നടന്ന സംസ്ഥാന തല സ്കൂള്‍ പ്രവേശനോല്‍സവ ചടങ്ങിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സ്കൂള്‍ സംവിധാനങ്ങളെയാകെ ഒരു കുടക്കീഴില്‍ കൊണ്ടുവരും. അക്കാദമിക മികവ് വളര്‍ത്താന്‍ ഭരണപരമായ നടപടികളുണ്ടാകും. ഇപ്പോഴുള്ളതിൽ കൂടുതൽ സൗകര്യങ്ങൾ വരണമെന്നാണ് ആഗ്രഹമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അറിവ് നേടുന്നതിൽ മാത്രമായി വിദ്യാലയ ജീവിതം ഒതുങ്ങാൻ പാടില്ലെന്നും ജീവിതം കെട്ടിപ്പെടുക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. വിവേകം, വിമർശന ചിന്ത എല്ലാം ഉണ്ടാകണം. പരസ്പര സ്നേഹം ഉണ്ടാകണം. മതനിരപേക്ഷ ചിന്ത, ജനാധിപത്യബോധം എന്നിവ വളർത്തണം. ഈ ചിന്ത എല്ലാവർക്കും വേണം. അറിവ് ഉണ്ടാകുകയും തിരിച്ചറിവ് ഇല്ലാതിരിക്കുകയും ചെയ്താൽ അത് പ്രശ്നമാണെന്നും പ്രവേശനോത്സവത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ALSO READ; മികച്ച വിദ്യാഭ്യാസം തേടി കേരളത്തിലേക്ക്; ആശ്രയം സര്‍ക്കാര്‍ സ്കൂള്‍
അവനവനിൽ ഒതുങ്ങേണ്ടതല്ല വിദ്യഭ്യാസം. അത് മറ്റുള്ളവരിലേക്കും എത്തണം. ജീവിതവുമായി അറിവിനെ ബന്ധിപ്പിക്കണം. ജീവിതത്തിൽ ഉപയോഗപ്പെടുത്താനുള്ളതായി അറിവിനെ മാറ്റണം. സംഘം ചേർന്ന് കുട്ടികൾ ശരിയല്ലാത്ത കാര്യങ്ങൾ ചെയ്യുന്ന പ്രവണതയുണ്ട്. അത് മാറണം. പരസ്പര സ്നേഹത്തിൽ മുന്നോട്ടു പോകാന്‍ പഠിപ്പിക്കണം എന്ന ഉപദേശവും അദ്ദേഹം നല്‍കി. ALSO READ; ഇംഗ്ലീഷ് മീഡിയം നിര്‍ത്തലാക്കി; അടിമാലി സ്കൂളില്‍ വന്‍ പ്രതിഷേധം; പ്രധാന അധ്യാപികയെ ഉപരോധിച്ചു
പൊതു വിദ്യാലയങ്ങൾ എന്ന തിരിച്ചറിവ് നമ്മുടെ സമൂഹത്തിന് നഷ്ടമായിരുന്നു എന്നാൽ ഒൻപത് കൊല്ലമായി ആ സ്ഥിതി മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതു വിദ്യാഭ്യാസ രംഗത്ത് കാര്യമായ മാറ്റം വന്നു. അക്കാദമിക് മികവ് പ്രധാനമാണ്. ഓരോ കുട്ടിയും അതാത് ക്ലാസിലെ പഠന ലക്ഷ്യങ്ങൾ നേടണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.