kunjamina-murder-case-arrest

കണ്ണൂർ ഇരിക്കൂർ സിദ്ദീഖ് നഗറിലെ കുഞ്ഞാമിനയെ കൊലപ്പെടുത്തി സ്വർണം കവർന്ന കേസിൽ പ്രതികൾ വലയിലായി. ഡൽഹി സ്വദേശികളായ പർവീൻ, സക്കീന എന്നിവരെ മധ്യപ്രദേശിൽ നിന്നാണ് അന്വേഷണ സംഘം സാഹസികമായി പിടികൂടിയത്. കവർച്ചാ ശ്രമത്തിനിടെ നടന്ന കൊലപാതകത്തിന് പത്ത് വർഷത്തിന് ശേഷമാണ് പ്രതികൾ പിടിയിലാകുന്നത്.

2016 ഏപ്രിൽ 30-നാണ് സിദ്ദീഖ് നഗറിലെ സബീന മൻസിലിൽ നിട്ടൂർ മൊയ്തീന്റെ ഭാര്യ കുഞ്ഞാമിന (65) കൊല്ലപ്പെട്ടത്. മൃതദേഹത്തിൽ 19-ഓളം കുത്തേറ്റ മുറിവുകളുണ്ടായിരുന്നു. കുഞ്ഞാമിന ധരിച്ചിരുന്ന പത്ത് പവന ഓളം സ്വർണ്ണാഭരണങ്ങൾ കവർന്ന ശേഷമാണ് പ്രതികൾ കടന്നുകളഞ്ഞത്. കുഞ്ഞാമിനയുടെ ക്വാർട്ടേഴ്സിൽ ഒരു മാസം മുമ്പ് താമസിക്കാനെത്തിയ ഇതര സംസ്ഥാനക്കാരായ മൂവർ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് തുടക്കത്തിൽ തന്നെ സൂചന ലഭിച്ചിരുന്നു. ഇവർ നൽകിയ പേരും വിലാസവും വ്യാജമാണെന്ന് പിന്നീട് പോലീസ് കണ്ടെത്തി.

ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പുരോഗതി ഇല്ലാത്തതിനെ തുടർന്ന് 2021 ജൂണിലാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. പ്രതികൾക്കായുള്ള നാട്ടുകാരുടെയും ആക്ഷൻ കമ്മിറ്റിയുടെയും ശക്തമായ പ്രക്ഷോഭത്തിനൊടുവിലായിരുന്നു ഈ നീക്കം. കൊലപാതകം നടന്ന ദിവസം പ്രതികൾ മട്ടന്നൂരിലെ പ്രകാശ് ജംക്ഷനിൽ നിൽക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇവരുടെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലേക്ക് കടന്നതായി കണ്ടെത്തി. ഒടുവിൽ മധ്യപ്രദേശിലെ ഒളിസങ്കേതത്തിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.

സംഭവം നടന്ന ദിവസം രാവിലെ 9:30-ഓടെയാണ് പ്രതികൾ ക്വാർട്ടേഴ്സ് ഒഴിഞ്ഞുപോയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രാവിലെ 8-നും 9:30-നും ഇടയിലാണ് കൊലപാതകം നടന്നതെന്ന് സ്ഥിരീകരിച്ചിരുന്നു.  ഇത്രയും കാലം ഒളിവിൽ കഴിയാൻ ഇവരെ സഹായിച്ചവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ENGLISH SUMMARY:

Kannur murder case suspects have been apprehended after a decade-long pursuit for the culprits involved in the gold theft and murder of Kunjamina in Irrikkur. The investigation team successfully captured the Delhi natives from Madhya Pradesh, marking a significant breakthrough in this sensational crime.