gas-cylinder-lpg-black-market-kondotty

പാചകവാതക ക്ഷാമം മുതലെടുത്ത് മലപ്പുറം കൊണ്ടോട്ടിയിൽ ഗ്യാസ് കരിഞ്ചന്തയിൽ വിൽക്കുന്നു. കൊട്ടുക്കരയിലെ എസ്സെ എൽ.പി.ജി പമ്പിലാണ് വാഹനങ്ങൾക്ക് നൽകേണ്ട വാതകം ഗാർഹിക സിലിണ്ടറുകളിൽ നിറച്ചുനൽകിയത്. 14.2 കിലോ തൂക്കമുള്ള ഒരു സിലിണ്ടറിൽ ഗ്യാസ് നിറയ്ക്കാൻ 2000 രൂപയാണ് പമ്പ് അധികൃതർ ഈടാക്കിയത്. വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് സിലിണ്ടറുകളുമായി പമ്പിലേക്ക് ഒഴുകിയെത്തിയത്.

വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ മാത്രം ലൈസൻസുള്ള ഓട്ടോ എൽ.പി.ജി പമ്പിലാണ് സിലിണ്ടറുകളിൽ വാതകം നിറയ്ക്കുന്ന നിയമവിരുദ്ധ പ്രവർത്തനം നടന്നത്. ഹോട്ടലുടമകളും സാധാരണക്കാരും ഉൾപ്പെടെ വലിയൊരു നിര തന്നെ പമ്പിന് മുന്നിൽ തടിച്ചുകൂടി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സിലിണ്ടറുകളിൽ വാതകം നിറയ്ക്കുന്നത് വലിയ അപകടസാധ്യതയാണ് ഉയർത്തുന്നത്. ഇതിനുപുറമെയാണ് സാധാരണ നിരക്കിനേക്കാൾ ഇരട്ടിയിലധികം തുക വാങ്ങി പമ്പ് ഉടമകൾ കൊള്ളലാഭം കൊയ്തത്.

വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി വിതരണം തടഞ്ഞു. ഇത്തരത്തിൽ സിലിണ്ടറുകളിൽ വാതകം വിതരണം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. നിലവിൽ സ്റ്റോക്ക് തീർന്നുവെന്ന് പറഞ്ഞ് പമ്പ് അടച്ചിട്ടിരിക്കുകയാണെങ്കിലും, രാവിലെ മുതൽ നിരവധി പേർ ഗ്യാസ് ലഭിക്കുമെന്ന പ്രതീക്ഷയിൽ സിലിണ്ടറുകളുമായി ഇവിടെ കാത്തുനിൽക്കുന്നുണ്ട്. 

ENGLISH SUMMARY:

LPG black market Kerala is rampant in Kondotty, Malappuram, where an auto LPG pump is illegally refilling domestic cylinders at inflated prices due to a gas shortage. This dangerous and exploitative practice was halted by the police upon receiving information.