vd-satheeshan-2

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശം തന്നെയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. ഒരുരൂപ നികുതി കൂട്ടാതെ പുതുയുഗ കേരളമാണ് ലക്ഷ്യം. വരുമാനം വര്‍ധിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. കേരളത്തെ മെഡിക്കല്‍ ഡെസ്റ്റിനേഷനാക്കാനാണ് പദ്ധതി. സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. 

 

വികസനത്തിന് സ്വകാര്യ നിക്ഷേപകരും വേണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. സ്വകാര്യ നിക്ഷേപകരെ പ്രേത്സാഹിപ്പിക്കുമെന്നും സ്വകാര്യനിക്ഷേപം കൊണ്ടുവരുമെന്നത് സര്‍ക്കാര്‍ പോളിസിയെന്നും അദ്ദേഹം പറഞ്ഞു. ഒരു മേഖലയും സ്വകാര്യവല്‍ക്കരിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു. പി.എം.ശ്രീയില്‍ പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി.ഡി.സതീശന്‍. അവകാശപ്പെട്ട പൈസ വാങ്ങിയെടുക്കും. കരിക്കുലത്തെ ബാധിക്കുന്ന ഇടപെടല്‍ അംഗീകരിക്കില്ല‌ അത് നിശ്ചിയിക്കുന്നതിനാണ് മന്ത്രിസഭാ ഉപസമിതിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പുതിയ പ്രോട്ടോക്കോളും പെർഫോമൻസ് ഓഡിറ്റിങ്ങും ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി നടത്തിപ്പിലെ കാലതാമസം ഒഴിവാക്കി ഖജനാവിലെ ചോർച്ച തടയുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് സ്വകാര്യ നിക്ഷേപം പൂർണ്ണമായി പ്രോത്സാഹിപ്പിക്കും. എന്നാൽ കെഎസ്ആർടിസി, വാട്ടർ അതോറിറ്റി ഉൾപ്പെടെയുള്ള ഒരു പൊതുമേഖലാ സ്ഥാപനവും സ്വകാര്യവൽക്കരിക്കില്ല. തുറമുഖ വികസനം, ലോജിസ്റ്റിക്സ് പാർക്കുകൾ, മിനറൽ കോറിഡോർ എന്നിവയിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. അഞ്ച് ലക്ഷം കോടി രൂപയുടെ കടബാധ്യതയുള്ള സംസ്ഥാനത്ത് സാമ്പത്തിക വളർച്ചയ്ക്ക് സ്വകാര്യ നിക്ഷേപം അനിവാര്യമാണെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

 

ട്രാവൻകൂർ സിമന്റ്സ്, ടെൽക് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടലിന്‍റെ വക്കിലാണ്. പുതിയ നിയമനങ്ങൾ നടക്കുന്നില്ല. ഈ സാഹചര്യത്തിൽ യുവാക്കൾക്ക് തൊഴിൽ നൽകാൻ പുതിയ സാമ്പത്തിക മാതൃകകൾ ആവശ്യമാണ്. മുൻ സർക്കാർ വരുത്തിയ ഡിഎ, ഡിആർ കുടിശ്ശികകൾ വിതരണം ചെയ്യും. മെഡിസെപ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കും. ലീവ് സറണ്ടർ ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും. ട്രഷറി ചോർച്ച തടയാനും നികുതി ഭരണസംവിധാനം ഉടച്ചുവാർക്കാനും നടപടിയെടുക്കും. മുതിർന്ന പൗരന്മാർക്കായി രൂപീകരിച്ച പുതിയ വകുപ്പിന്റെ പ്രാരംഭ ചെലവുകൾക്കായി പത്ത് കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിച്ച് ഖജനാവിൽ പണമെത്തിക്കാനും സമ്പത്തിന്റെ തുല്യമായ വിതരണം ഉറപ്പാക്കാനും സർക്കാർ ലക്ഷ്യമിടുന്നെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ENGLISH SUMMARY:

Chief Minister V.D. Satheesan has acknowledged Kerala's revenue constraints, stating that private investment is vital for economic growth and job creation. He announced plans to attract investors, improve project implementation through performance audits, strengthen entrepreneurship, and transform Kerala into a medical destination. The Chief Minister also assured that public-sector institutions will not be privatized and pledged reforms in tax administration, employee welfare, and public services.