sreenadevi-kunjamma-02

തന്റെ റേഷൻ കാർഡ് റദ്ദാക്കലിന് പിന്നിൽ സി.പി.ഐ പത്തനംതിട്ട ജില്ലാ നേതൃത്വത്തിന്റെ ചതിയാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനദേവി കുഞ്ഞമ്മ. 2020-ൽ സി.പി.ഐ നിർദ്ദേശപ്രകാരമാണ് കാർഡിൽ പേര് ചേർത്തത്. അതേസമയം ശ്രീന ദേവിക്കെതിരായ പരാതിയിൽ അടൂർ പൊലീസ്, റേഷനിംഗ് ഇൻസ്പെക്ടറുടെ റിപ്പോർട്ട് തേടി.

2020-ൽ ജില്ലാ പഞ്ചായത്തിലേക്ക് സി.പി.ഐ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിന് മുൻപ് അന്നത്തെ ജില്ലാ സെക്രട്ടറി എ പി ജയൻ ഉൾപ്പെടെ നേതാക്കൾ പറഞ്ഞിട്ടാണ് റേഷൻ കാർഡിൽ പേര് ചേർത്തത്. തന്റെ അമ്മായിയായ ഏറത്ത് പഞ്ചായത്തിലെ താമസക്കാരി യശോദ തന്നെയാണ് അപേക്ഷകളെല്ലാം കൊടുത്തത്. താൻ ഒരു വ്യാജരേഖയും സമർപ്പിച്ചിട്ടില്ല. കൊല്ലം ജില്ലയുമായി യാതൊരു ബന്ധവുമില്ല. രാഷ്ട്രീയ പ്രവർത്തന മേഖല പത്തനംതിട്ട ജില്ല മാത്രമാണെന്നും പരാതിക്കാർ കുടുംബവുമായി ഒരു ബന്ധവുമില്ലാത്തവരാണെന്നും ശ്രീനദേവി പറഞ്ഞു.

പരാതിക്കാരുടെ സഹോദരി തന്റെ അവകാശത്തിന്റെ പകുതി ഇഷ്ടദാനം നൽകിയതിന്റെ പോക്കുവരവ് തടയാൻ ഭരണസ്വാധീനം ഉപയോഗിച്ച് സി.പി.ഐ ശ്രമിക്കുന്നുണ്ടെന്നും ശ്രീന ദേവി ആരോപിച്ചു. 2025-ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോഴും ഇതേ വിലാസം തന്നെയാണ് നൽകിയത്. തന്റെ വോട്ടവകാശവും ഇതേ വാർഡിലാണെന്നും യാതൊരു പ്രശ്നങ്ങളുമില്ലാത്തതുകൊണ്ടാണ് ഇത്രയും കാലം പേര് മാറ്റാതിരുന്നതെന്നും അവർ വ്യക്തമാക്കി. 

അതേസമയം യശോദയുടെ മക്കൾ നൽകിയ പരാതിയിലാണ് അടൂർ പോലീസ് റിപ്പോർട്ട് തേടിയത്. വ്യാജരേഖ നൽകി റേഷൻ കാർഡിൽ പേര് ചേർത്തു എന്നാണ് പരാതി. റേഷനിംഗ് ഇൻസ്പെക്ടറുടെ റിപ്പോർട്ട് അനുസരിച്ചായിരിക്കും ശ്രീന ദേവിക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

ENGLISH SUMMARY:

District Panchayat member Sreenadevi Kunjamma alleges CPI Pathanamthitta district leadership's betrayal behind her ration card cancellation. She claims her name was added to the ration card at the CPI's behest in 2020 for electoral purposes. Meanwhile, Adur Police have sought a report from the Rationing Inspector regarding the complaint against Sreenadevi.