നാട്ടിലേക്കാള്‍ മികച്ച വിദ്യാഭ്യാസം മക്കള്‍ക്ക് ഉറപ്പാക്കാന്‍ വേണ്ടി കുടുംബത്തെ കേരളത്തിലേക്ക് പറിച്ചുനട്ട നിരവധി അതിഥിത്തൊഴിലാളികളുണ്ട്. ഉപജീവനത്തിനപ്പുറം മക്കളുടെ ഭാവികൂടി ലക്ഷ്യമിട്ട് സംസ്ഥാനത്തെത്തിയ ഇവരില്‍ പലര്‍ക്കും ആശ്രയം സര്‍ക്കാര്‍ സ്കൂളുകളാണ് . പെരുമ്പാവൂര്‍ കണ്ടത്തറ ഗവ.യുപി സ്കൂളില്‍ ഇന്ന് രണ്ടാം ക്ലാസിലെത്തുന്ന സുമയ കത്തൂന്‍ അവരില്‍ ഒരാള്‍ മാത്രം.
പുത്തന്‍ ബാഗും വാട്ടര്‍ ബോട്ടിലും യൂണിഫോമുമിട്ട് സ്കൂളിലേക്ക് പോകണം. ജുനിയ ടീച്ചറെ കാണണം. കൂട്ടുകാരുടെ കൂടെ കളിക്കണം. രണ്ടുമാസത്തെ അവധിക്കാലത്തോട് ബൈ പറഞ്ഞ് സ്കൂളില്‍ പോകുന്നതിന്‍റെ ആവേശത്തിലാണ് സുമയ കത്തൂന്‍. അസംകാരായ അജിജുലിന്‍റെയും ഇസ്മാത്തരയുടെയും മകളാണ് സുമയ. പതിനാലുവര്‍ഷമായി കേരളത്തില്‍ താമസിക്കുന്ന അജിജുല്‍ മകള്‍ സുമയയുടെ ജനനശേഷമാണ് കുടുംബത്തെ കേരളത്തിലേക്ക് കൊണ്ടുവന്നത്, അതിന്‍റെ പ്രധാന കാരണം മകളുടെ പഠനമാണ്,
അസമിലേക്കാള്‍ മികച്ച വിദ്യാഭ്യാസം മകള്‍ സുമയയ്ക്ക് ഇവിടെ ഉറപ്പാക്കാനായ സന്തോഷത്തിലാണ് പ്ളൈവുഡ് കമ്പനിയിലെ തൊഴിലാളിയായ അജിജുലും ഭാര്യ ഇസ്മാത്തരയും . എത്ര കഷ്ടപ്പെട്ടിട്ടായാലും മകള്‍ ആഗ്രഹിക്കുന്നതുപോലെ പഠിപ്പിക്കണമെന്നാണ് ഇരുവരുടെയും ആഗ്രഹം.ഇതിനിടെ സ്കൂളില്‍ പോകാന്‍ കഴിയാത്തവരായ തന്‍റെ സുഹൃത്തുക്കളുടെ മക്കളെ കുറിച്ചുകൂടി സൂചിപ്പിച്ചു അജിജുല്‍. അനുകൂല സാഹചര്യമുണ്ടായാലും മക്കളെ കുറിച്ചും കാലത്തെക്കുറിച്ചും മുതിര്‍ന്നവര്‍ മാറേണ്ടതുണ്ടെന്ന് അജിജുല്‍ പറയുമ്പോള്‍ സ്കൂളിലേക്ക് ആവേശത്തോടെ ഇറങ്ങുകയായിരുന്നു സുമയ.