കോഴിക്കോട് കൂടരഞ്ഞി പൂവാറംതോട്ടില്‍ നാട്ടുകാര്‍ പുലി ഭീതിയില്‍. പ്രദേശത്തു നിന്ന് കഴിഞ്ഞ ദിവസവും പുലി പട്ടിയെ പിടികൂടി. പുലിയെ പിടികൂടാനായി വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും ഇരയെ വയ്ക്കാന്‍ തീരുമാനമായില്ല.
പൂവാറംതോട് വിലങ്ങുപാറ ബാബുവിന്‍റെ വീട്ടുമുറ്റത്ത് കഴിഞ്ഞ 28നാണ് പുലിയെ കണ്ടത്. സിസിടിവി ദൃശ്യങ്ങളില്‍ പുലിയാണെന്ന് സ്ഥിരീകരിച്ചതോടെ വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി കൂടുതല്‍ ക്യാമറകളും സ്ഥാപിച്ചു. പിന്നീടുള്ള ദിവസങ്ങളില്‍ സിസിടിവി ക്യാമറയില്‍ പുലി പതിഞ്ഞില്ലെങ്കിലും കാല്‍പാടുകള്‍ ഉള്‍പ്പടെ പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഇന്നലെ മറ്റൊരു വീട്ടുമുറ്റത്ത് നിന്ന് പുലി പട്ടിയെയും പിടിച്ചു. പുലിയെ പിടികൂടാനായി വനം വകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും ഇരയെ വക്കാന്‍ തീരുമാനമായിട്ടില്ല. കൂട്ടില്‍ കെട്ടാനുള്ള ഇരയെ നാട്ടുകാര്‍ ഒരുക്കിയെങ്കിലും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ അനുമതി ഇല്ലാത്തതാണ് പ്രതിസന്ധി.
വനത്തില്‍ നിന്ന് ഒന്നരകിലോമീറ്റര്‍ ദൂരത്ത് ജനവാസ മേഖലയിലാണ് പുലിയെ കണ്ടത്. സ്കൂള്‍ തുറക്കുന്ന സമയമായതിനാല്‍ നാട്ടുകാര്‍ വലിയ ആശങ്കയിലും ഭീതിയിലുമാണ്.