നിലമ്പൂരില്‍ എം.സ്വരാജിന് വന്‍ സ്വീകാര്യതയെന്ന് മുഖ്യമന്ത്രി. സ്വരാജ് ക്ലീന്‍ ഇമേജുള്ള സ്ഥാനാര്‍ഥിയാണെന്നും ആരുടെ മുന്നിലും തലയുയര്‍ത്തി നിന്ന് വോട്ട് ചോദിക്കാമെന്നും മുഖ്യമന്ത്രി നിലമ്പൂരില്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പറഞ്ഞു. പി.വി.അന്‍വര്‍ വഞ്ചിച്ചതാണ് ഉപതിരഞ്ഞെടുപ്പിന് കാരണമായത്. ഇടതുപക്ഷം ചതിക്കിരയായി. നിലമ്പൂരിലൂടെ സര്‍ക്കാരിനു ഭരണത്തുടര്‍ച്ചയുണ്ടാകും. എല്‍ഡിഎഫ് അഴിമതി സംസ്കാരം വളര്‍ത്തിയിട്ടില്ല. എല്‍ഡിഎഫിന്റെ നയമനുസരിച്ച് നീങ്ങാന്‍ എല്ലാ ഘടകകക്ഷികള്‍ക്കും കഴിയും. യുഡിഎഫിന് ഇത് സാധ്യമാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
Read Also: പി.വി.അന്‍വറിനെ നിലമ്പൂരില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്.
പി.വി.അന്‍വര്‍ മല്‍സരിക്കട്ടെയെന്ന് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് പറഞ്ഞു. എല്ലാവരും മല്‍സരിക്കട്ടെ. മല്‍സരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം എല്‍ഡിഎഫിനെ ബാധിക്കുന്ന പ്രശ്നമല്ലെന്നും സ്വരാജ് വ്യക്തമാക്കി.
നിലമ്പൂരില്‍ എല്ലാവരും മല്‍സരിക്കട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. അന്‍വര്‍ നിലനില്‍ക്കാനായി ഇടം കണ്ടെത്താന്‍ ശ്രമിക്കുന്നു. യു.ഡി.എഫ് തോല്‍ക്കുമെന്ന് അന്‍വര്‍ തന്നെ പറയുന്നു. അന്‍വറിനെ പിന്തുണച്ചിരുന്നത് കോണ്‍ഗ്രസെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയതിന് പി.വി.അന്‍വറിന് നന്ദിയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി. അന്‍വര്‍ അപ്രസക്തനായി. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍റെ ഗതികേടില്‍ പ്രതികരിക്കുന്നില്ല. രാജീവ് ചന്ദ്രശേഖര്‍ ബിജെപി അധ്യക്ഷനായപ്പോള്‍ വന്ന മാറ്റമാണ് നിലമ്പൂരിലെ അവരുടെ സ്ഥാനാര്‍ഥിയെന്നും എം.എ.ബേബി ഡല്‍ഹിയില്‍ പറഞ്ഞു
അന്‍വര്‍ കെട്ടുപോയ ചൂട്ടുകെട്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രണ്ടുദിവസം മാധ്യമങ്ങള്‍ പേരുപറയാതെ മാറ്റിവച്ചാല്‍ ആ ചൂട്ടുകെട്ട് തീരും. അന്‍വര്‍ എടുക്കാച്ചരക്കെന്നും എല്‍ഡിഎഫിനെ വഞ്ചിച്ചവനെന്നും ബിനോയ് വിശ്വം പറഞ്ഞു