നിലമ്പൂരില്‍ പി.വി.അന്‍വറിന്‍റെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. നിലമ്പൂരില്‍ മല്‍സരിക്കുമെന്ന് പി.വി.അന്‍വര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ പ്രഖ്യാപനം. പിണറായിസത്തിനെതിരെയാണ് മല്‍സരം. ഈ യു.ഡി.എഫിനൊപ്പം നിന്നാല്‍ പിണറായിസത്തിനെതിരെ പോരാടാനാവില്ല. ഞാനല്ല, നിലമ്പൂരിലെ ഓരോ വോട്ടര്‍മാരുമാണ് സ്ഥാനാര്‍ഥിയെന്നും പി.വി.അന്‍വര്‍ പ്രതികരിച്ചിരുന്നു. നാളെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും.
വാര്‍ത്താസമ്മേളനത്തിനിടെ വികാരാധീനനായ പി.വി.അന്‍വര്‍, തന്‍റെ ജീവന്‍പോലും അപകടത്തിലാണ്. പിണറായിയും ആര്‍എസ്എസും സതീശനും ചേര്‍ന്ന് എന്നെ ഞെക്കിപ്പിഴിയുന്നു. നിലമ്പൂരില്‍ തോറ്റാല്‍ പിന്നെ ജീവനോടെ ഉണ്ടാകുമോ എന്നറിയില്ലെന്നും പറഞ്ഞു. വി.ഡി.സതീശനെ ഹിറ്റ്ലര്‍ എന്നുവിളിച്ച അന്‍വര്‍ സതീശന്‍റെ കാലു നക്കാന്‍ ഇനിയില്ലെന്നും പറഞ്ഞു. പിണറായി, സ്വരാജ്, സതീശന്‍, ഷൗക്കത്ത് നെക്സസിനെതിരെയാണ് തന്‍റെ പോരാട്ടം. സതീശന് പിന്നില്‍ പിണറായിയെന്നും അന്‍വറിനെ അടുപ്പിക്കരുതെന്ന് സതീശനോട് പറഞ്ഞത് പിണറായിയെന്നും അന്‍വര്‍ ആരോപിച്ചു. അജിത്കുമാറിനെതിരെ സതീശന്‍ ഒന്നും പറഞ്ഞില്ലെന്നും പിണറായി– ആര്‍എസ്എസ്- സതീശന്‍ കത്രികപ്പൂട്ടില്‍ നിന്നുകൊടുക്കണോയെന്ന് ജനം തീരുമാനിക്കട്ടെയെന്നും അന്‍വര്‍ പറഞ്ഞു.
നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് ജയിക്കില്ലെന്നും പിണറായിസത്തെ അവസാനിപ്പിക്കാന്‍ ഷൗക്കത്തിന് കഴിയില്ലെന്നും പി.വി.അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയാകാന്‍ ആര് കൈപൊക്കുമെന്നതിലാണ് യുഡിഎഫ് നേതാക്കളുടെ താല്‍പര്യമെന്നും അന്‍വര്‍ ആരോപിച്ചു. എം.സ്വരാജ് പിണറായിയുടെ വാഴ്ത്തുപാട്ടുകാരനെന്നും പി.വി. അന്‍വറിന്‍റെ പരിഹാസം. നിലമ്പൂരില്‍ മല്‍സരിക്കുന്നത് പിണറായിയും മുഖംമൂടിയിട്ട പിണറായിയുമെന്നും പിവി അന്‍വര്‍.
അതേസമയം, പി.വി.അന്‍വര്‍ മല്‍സരിക്കട്ടെയെന്ന് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് പ്രതികരിച്ചു. എല്ലാവരും മല്‍സരിക്കട്ടെ, മല്‍സരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം എല്‍ഡിഎഫിനെ ബാധിക്കുന്ന പ്രശ്നമല്ലെന്നും സ്വരാജ് പറഞ്ഞു. നിലമ്പൂരില്‍ എല്ലാവരും മല്‍സരിക്കട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പറഞ്ഞു. അന്‍വര്‍ നിലനില്‍ക്കാനായി ഇടം കണ്ടെത്താന്‍ ശ്രമിക്കുന്നു. യു.ഡി.എഫ് തോല്‍ക്കുമെന്ന് അന്‍വര്‍ തന്നെ പറയുന്നു. അന്‍വറിനെ പിന്തുണച്ചിരുന്നത് കോണ്‍ഗ്രസെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. അന്‍വര്‍ കെട്ടുപോയ ചൂട്ടുകെട്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. രണ്ടുദിവസം മാധ്യമങ്ങള്‍ പേരുപറയാതെ മാറ്റിവച്ചാല്‍ ആ ചൂട്ടുകെട്ട് തീരും. അന്‍വര്‍ എടുക്കാച്ചരക്കെന്നും എല്‍ഡിഎഫിനെ വഞ്ചിച്ചവനെന്നും ബിനോയ് വിശ്വം പറഞ്ഞു.
പി.വി.അന്‍വര്‍ മല്‍സരിച്ചാല്‍ അത് ബാധിക്കുക എല്‍ഡിഎഫിനെയെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. അന്‍വറിന്‍റെ വാക്കുകള്‍ വിശ്വസിക്കേണ്ട കാര്യമില്ല. പറയുന്നതെല്ലാം മാറ്റിപ്പറയുന്ന ആളാണ്. പത്രിക നാളെ നല്‍കുന്നവര്‍ക്ക് അതുപിന്‍വലിക്കാനും സമയമുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ പി.വി.അൻവറെ കണ്ടത് സ്വകാര്യ സന്ദർശനമാണെന്നും എല്ലാവരും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പ്രതികരിച്ചു. ഉപതിരഞ്ഞെടുപ്പിൽ ജയിക്കുക എന്നുള്ളതാണ് ലക്ഷ്യമെന്നും. അൻവർ മത്സരിക്കുന്നത് തലവേദനയല്ല. യുഡിഎഫിന് ഒരു തലയെ ഉള്ളൂ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമ്പോൾ അൻവർ യുഡിഎഫിന് പുറത്തായിരുന്നുവെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. നിലമ്പൂരില്‍ ഇനി ചര്‍ച്ചയൊന്നും ഇല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. 'യു.ഡി.എഫിന്‍റെ വിജയത്തിനായി ലീഗ് പ്രവര്‍ത്തനം തുടങ്ങുന്നു''നിലമ്പൂരില്‍ മല്‍സരം യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.