**EDS: SCREENSHOT VIA PTI VIDEOS** Kannur: People being rescued from a flooded area amid monsoon rains, in Kannur, Kerala, Friday, May 30, 2025. (PTI Photo) (PTI05_30_2025_000620B)

സംസ്ഥാനത്ത് പരക്കെ മഴ തുടരുന്നു. അടുത്ത മൂന്നുമണിക്കൂര്‍ നേരത്തേക്ക് 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ടും മൂന്ന് ജില്ലകളില്‍ യെലോ അലര്‍ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്. ഇവിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തിയേറിയ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. യെലോ അലര്‍ടുള്ള ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. കടൽ പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് തീരത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.  

അടുത്ത അഞ്ചു ദിവസം കൂടി അതിതീവ്രമഴക്ക് സാധ്യത. 24  മണിക്കൂറിനുള്ളില്‍ 115 മുതല്‍ 204 മില്ലിമീറ്റര്‍ വരെ മഴ പെയ്തേക്കാം. മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും സാധ്യത ഉണ്ട്.  മരങ്ങള്‍ കടപുഴകി വീഴാനും ചില്ലകള്‍ ഒടിഞ്ഞു വീണ് അപകടം ഉണ്ടാകാനും ഉള്ള സാധ്യത ഉള്ളതിനാല്‍ ഏറെ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കോട്ടയം ജില്ലയില്‍ ഇടവിട്ടുള്ള മഴ തുടരുകയാണ്. വൈക്കം മേഖലയില്‍ വെള്ളൂർ ,തലയോലപ്പറമ്പ് , മറവൻതുരുത്ത് പഞ്ചായത്തുകളിൽ പലയിടങ്ങളിലായി മൂവാറ്റുപുഴയാർ കരകവിഞ്ഞു. അഞ്ഞൂറിലധികം വീടുകളിൽ വെള്ളം കയറി. ജില്ലയിൽ 21 ദുരിതാശ്വാസ ക്യാമ്പുകളിലായി മുന്നൂറിലധികം പേരുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇടുക്കിയിലും ഇടവിട്ട് മഴ തുടരുകയാണ്. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 

കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തമായതോടെ കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും  നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. ആലപ്പുഴയിൽ ഇടവിട്ട് ശക്തമായ മഴ തുടരുന്നു. കോഴിക്കോട് കനത്ത മഴ തുടരുകയാണ്.  താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കൊച്ചി നഗരത്തിലും എറണാകുളത്തിന്‍റെ മലയോരമേഖലയിലും മഴക്ക് ശമനമില്ല. 

ENGLISH SUMMARY:

Widespread rain continues across Kerala with the India Meteorological Department issuing an orange alert for 11 districts and a yellow alert for 3. The alert warns of moderate rain and strong winds up to 50 km/h in orange alert areas, while yellow alert regions may face isolated rain and winds up to 40 km/h. Fishermen are advised to remain cautious due to rough sea conditions.