മഴയും കാറ്റും കലിതുള്ളി കവര്‍ന്നെടുത്തത് തിരുവനന്തപുരം ജില്ലയിലെ കുന്നും തീരവും ഉള്‍പ്പെടെയുള്ള ഇടങ്ങള്‍. ഏഴ് വീടുകള്‍ പൂര്‍ണമായും ഇരുപതിലേറെ വീടുകള്‍ ഭാഗികമായും തകര്‍ന്നു. വിഴിഞ്ഞം തീരത്ത് നിന്നും ഇന്നലെ മല്‍സ്യബന്ധനത്തിന് പോയി കടലില്‍പ്പെട്ട ഏഴ് വള്ളങ്ങളിലുണ്ടായിരുന്ന ഇരുപത്തി ഏഴ് മല്‍സ്യത്തൊഴിലാളികളെ സുരക്ഷിതമായി തിരികെ എത്തിച്ചു. വൈദ്യുതിത്തൂണുകള്‍ നിലം പൊത്തിയതിനാല്‍ കാട്ടാക്കട, നെയ്യാറ്റിന്‍കര, നെടുമങ്ങാട് പ്രദേശങ്ങള്‍ ഇന്നലെ മുതല്‍ ഇരുട്ടിലാണ്.
ഇന്നലെ രാത്രി ആനന്ദേശ്വരം സ്വദേശി അമ്മുക്കുട്ടിയമ്മയും മകൻ അനിലും വീട്ടിൽ കിടന്നുറങ്ങുമ്പോഴാണ് വീട് തകർന്നതും മേൽക്കൂര പറന്നു പോയതും. പുല്ലാട്ടുകരി കോളനിയിലെ സിന്ധുവിന്‍റെ വീടിനു മുകളിലേക്ക് കൂറ്റൻ ആഞ്ഞിലി മരം കടപുഴകി വീണു. തലനാരിഴയ്ക്കാണ് കുടുംബാംഗങ്ങൾ രക്ഷപ്പെട്ടത്.
നെയ്യാറ്റിൻകര സ്വദേശികളായ തങ്കൻ, ബിജു എന്നിവരുടെ വീടുകളും തകർന്നു. ശക്തമായ കാറ്റിൽ വൈദ്യുത ലൈനുകൾ തകർന്നതോടെ കാട്ടാക്കട, നെയ്യാറ്റിൻകര, നെടുമങ്ങാട് പ്രദേശങ്ങൾ ഇന്നലെ രാത്രി മുതൽ ഇരുട്ടിലാണ്. കവടിയാർ, വെള്ളയമ്പലം, കുടപ്പനക്കുന്ന്, പട്ടം, കരമന, കാച്ചാണി തുടങ്ങി നിരവധി ഇടങ്ങളില്‍ മരം വീണ് വാഹനങ്ങൾക്കും വസ്തുക്കൾക്കും നാശമുണ്ടായി. വിഴിഞ്ഞം തീരത്ത് നിന്നും മല്‍സ്യബന്ധനത്തിന് പോയി ശക്തമായ കാറ്റില്‍പ്പെട്ട ഏഴ് വള്ളങ്ങളും ഇരുപത്തി ഏഴ് മല്‍സ്യത്തൊഴിലാളികളെയും കോസ്റ്റ് ഗാര്‍ഡും മറ്റ് ബോട്ടുകളിലുമുണ്ടായിരുന്നവരും ചേര്‍ന്ന് സുരക്ഷിതമായി തീരത്തെത്തിച്ചു.