കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് ഒന്‍പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട്, പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. കുട്ടനാട് താലൂക്കിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. എം.ജി.സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട‌് അറിയിക്കും.
അതേസമയം, സംസ്ഥാനത്ത് പെരുമഴ പെയ്ത്ത് തുടരുകയാണ്. ഇന്നലെ ആരംഭിച്ച മഴ രാത്രിയിലും തുടർന്നു. ഇന്ന് മൂന്ന് ജില്ലകളിൽ തീവ്ര മഴക്കുള്ള റെഡ് അലർട്ടും 11 ജില്ലകളിൽ അതിശക്തമായ മഴക്കുള്ള ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്. ഇടുക്കി കണ്ണൂർ കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. മറ്റു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നിര്‍ത്താതെ പെയ്യുന്ന മഴക്കൊപ്പം വീശിയടിക്കുന്ന കാറ്റും വലിയ നാശനഷ്ടങ്ങളും ദുരിതവുമാണ് സൃഷ്ടിച്ചിരിക്കുന്നത്. നദികൾ, ജലാശയങ്ങൾ കരകവിഞ്ഞു. തീര പ്രദേശത്ത് കടലേറ്റവും ഉയർന്ന തിരമാലകളും തുടരുകയാണ്. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള തീരങ്ങളിൽ റെഡ് അലർട്ടും മലപ്പുറം മുതൽ കാസർകോടുവരെയുള്ള തീരപ്രദേശത്ത് ഇന്നു രാത്രി വരെ ഓറഞ്ച് അലർട്ടും തുടരും. ജൂൺ മൂന്നു മുതൽ മഴയുടെ തീവ്രത കുറയാനാണ് സാധ്യത.
കനത്ത കാറ്റിൽ എറണാകുളം ജില്ലയില്‍ കുമ്പളം കായലിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. പറവൂർ കെടാമംഗലം മുളവുണ്ണിരാമ്പറമ്പിൽ രാധാകൃഷ്ണനെയാണ് കാണാതായത്. കൂടെ ഉണ്ടായിരുന്നയാൾ നീന്തി രക്ഷപ്പെട്ടു. കുമ്പളം കായലിൽ മീൻ പിടിച്ചു കൊണ്ടിരിക്കെ വൈകിട്ട് ആറോടെ പെട്ടെന്നുണ്ടായ കാറ്റിൽ വള്ളം മറിയുകയായിരുന്നു. ജില്ലയിൽ ഇതുവരെ 182 വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. മൂന്ന് വീടുകൾ പൂർണമായും 179 വീടുകൾ ഭാഗികമായും തകർന്നു. കനത്ത മഴയിൽ കാക്കനാട് ചിത്രപ്പുഴ കവിഞ്ഞൊഴുകി. തുതിയൂർ കരിയിൽ കോളനിയിലും ഇന്ദിര നഗറിലും ഇന്നലെ വെള്ളം കയറിയിരുന്നു. പുഴയിലെ ജലനിരപ്പ് ഇനിയും ഉയരുകയാണെങ്കിൽ, കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റും. വ്യാപകമായ കൃഷിനാശവും മരം കടപുഴകിയുള്ള അപകടങ്ങളും ജില്ലയിൽ പലയിടങ്ങളിൽ നിന്നായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. മണ്ണത്തൂരിൽ കനത്ത കാറ്റിൽ 52 സെന്റിലെ കാർഷികവിളകൾ നിലംപൊത്തി. ഇന്നലെ ഉച്ചയോടു കൂടിയാണ് കൃഷിനാശം ഉണ്ടായത്.
തിരുവനന്തപുരം നഗരത്തിൽ വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങളാണുണ്ടായത്. രണ്ട് വീടുകൾ പൂർണമായും ഒട്ടേറെ വീടുകൾ ഭാഗികമായും തകർന്നു. കഴക്കൂട്ടം ആനന്ദേശ്വരം അനിലിന്റെ വീട് പൂർന്നമായും തകർന്നു. അപകട സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന അനിലും അമ്മയും അദ്ഭുതകരമായി രക്ഷപ്പെട്ടു. പുല്ലാട്ടുകരി കോളനിയിലെ സിന്ധുവിന്റെ വീടിനു മുകളിലേക്ക് മരം കടപുഴകി വീണ് വീട് തകർന്നു. സിന്ധുവും ഭർത്താവും മക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു. ശക്തമായ കാറ്റിൽ വൈദ്യുത ലൈനുകൾ തകർന്നതോടെ കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കുകൾ ഇന്നലെ രാത്രി മുതൽ ഇരുട്ടിലാണ്. വെള്ളയമ്പലം, കുടപ്പനക്കുന്ന്, പട്ടം, കരമന, കാച്ചാണി തുടങ്ങി ഒട്ടേറെ ഇടങ്ങളിൽ മരം വീണ് വാഹനങ്ങൾ തകർന്നു. ഉള്ളൂരിൽ തണൽമരം കടപുഴകി വീണ് ദേശീയപാതയിൽ ഒരു മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. ട്രാക്കിൽ മൂന്നിടങ്ങളിൽ മരം വീണതിനെ തുടർന്ന് തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം രാത്രി വൈകിയാണ് പുനസ്ഥാപിച്ചത്.