ഇടവിട്ടുള്ള കനത്തമഴ ആലപ്പുഴ, കോട്ടയം ജില്ലകളെ വെള്ളത്തിലാക്കി. ആലപ്പുഴ പുന്നപ്രയിൽ മീൻപിടിക്കാൻ പോയ അറുപത്തിയഞ്ചുകാരനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം മേഖലയിൽ എഴുനൂറിലധികം വീടുകൾ വെള്ളത്തിലായി. മടവീഴ്ചയിൽ കൃഷി നാശം വ്യാപകമാണ്.
കഴിഞ്ഞദിവസം ഒന്നു മാറി നിന്ന മഴയാണ് പേമാരിയായി പെയ്തിറങ്ങിയത്. ആലപ്പുഴ പുന്നപ്രയിൽ വലവീശി മീൻപിടിക്കാൻ പോയ 65 വയസുള്ള പറവൂർ കളത്തൂർ കെ.ജെ.ജയിംസിനെയാണ് ഇളയിടത്തുരുത്ത് പാടശേഖരത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈനകരി പരുത്തിവളവ് ഭാഗത്ത് 150 ഏക്കർ വരുന്ന പാടശേഖരത്തിൽ മട വീണു. കൈനകരി വടക്കേ വാവക്കാട് പാടത്തും മട വീഴ്ച കർഷകർക്ക് നഷ്ടമുണ്ടാക്കി.
പുളിങ്കുന്ന്, ചമ്പക്കുളം, കാവാലം കൈനകരി ,നെടുമുട വെളിയനാട്, രാമങ്കരി പഞ്ചായത്തുകളിലെ റോഡുകളെല്ലാം വെള്ളത്തിലാണ്. നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. പമ്പ,മണിമല, അച്ചൻകോവിൽ ആറുകളുടെ കൈവഴികളിലും ജലനിരപ്പിൽ ഉയർന്നു. ആലപ്പുഴ നഗരത്തിന്‍റെ കിഴക്കൻ മേഖലയായ ചുങ്കം, തിരുമല , പള്ളാത്തുരുത്തി ഭാഗങ്ങളിൽ പാടശേഖരങ്ങൾ കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറി.
അമ്പലപ്പുഴ താലൂക്കിലെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായി 103 കുടുംബങ്ങളെയും കുട്ടനാട് താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 12 കുടുംബങ്ങളെയും പാർപ്പിച്ചിട്ടുണ്ട്. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, പുളിങ്കുന്നിലെ മാവേലി സ്റ്റോർ , കൃഷി ഭവൻ, മൃഗാശുപത്രി എന്നിവയിൽ വെള്ളം നിറഞ്ഞു. തീര പ്രദേശത്ത് കടലാക്രമണവും രൂക്ഷമാണ്.
കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലാണ് മഴക്കെടുതി രൂക്ഷമായത്. വൈക്കം, തലയോലപ്പറമ്പ്, ചെമ്പ് , ഉദയനാപുരം പ്രദേശങ്ങളിലായി 700ലധികം വീടുകളാണ് വെള്ളത്തിലായി. പാലാ മൂന്നാനി ഭാഗത്തും വെള്ളം ഉയർന്നു. റോഡുകളിൽ വെള്ളം ഉയർന്നതിനാൽ ചെറിയ വാഹനങ്ങളിൽ കുമരകത്തേക്കുള്ള യാത്രയും ബുദ്ധിമുട്ടാണ്. മീനച്ചിലാറും മണിമലയാറും മൂവാറ്റുപുഴയാറുമാണ് കോട്ടയം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിൽ മഴക്കെടുതി രൂക്ഷമാക്കുന്നത്.