naseer

TOPICS COVERED

പത്തനംതിട്ട കോട്ടാങ്ങലിൽ നഴ്സിനെ ബലാൽസംഗം ചെയ്ത ശേഷം ജീവനോടെ കെട്ടിത്തൂക്കി കൊന്ന കേസിൽ പ്രതി നസീറിന് ജീവപര്യന്തം തടവ് ശിക്ഷ. ബലാൽസംഗത്തിനും വീട്ടിൽ അതിക്രമിച്ചു കയറിയതിനും പ്രത്യേകം ശിക്ഷയുണ്ട്. പിഴത്തുകയായ മൂന്നര ലക്ഷം രൂപ ജീവിത പങ്കാളി ടിജിന് നൽകാനും വിധിച്ചു.

കൊലപാതകത്തിന് ജീവപര്യന്തവും രണ്ടുലക്ഷം രൂപ പിഴയും. ബലാൽസംഗത്തിന് 10 വർഷവും ഒരു ലക്ഷവും പിഴയും ,വീട്ടിൽ അതിക്രമിച്ചു കയറിയതിന് ഏഴുവർഷവും 50,000 പിഴയും ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടി ഈടാക്കണം. പത്തനംതിട്ട ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. 2019 ഡിസംബർ15ന് ആയിരുന്നു കൊലപാതകം. 20 മാസങ്ങൾക്കു ശേഷം ആയിരുന്നു ക്രൈം ബ്രാഞ്ച് യഥാർഥ പ്രതിയെ അറസ്റ്റ് ചെയ്തത്. 

ഭർത്താവുമായി പിണങ്ങി സ്കൂൾ കാലത്തെ കാമുകനായ ടിജിനൊപ്പം, ടിഞ്ചു ജീവിക്കുമ്പോൾ ആയിരുന്നു കൊലപാതകം. തടി കച്ചവടക്കാരനായ നസീർ വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് ടിഞ്ചുവിനെ ബലാത്സംഗം ചെയ്തശേഷം ജീവനോടെ കെട്ടി തൂക്കുകയായിരുന്നു. യുവതിയുടെ ജീവിതപങ്കാളിയായിരുന്ന ടിജിനെ പ്രതിയെന്ന് സംശയിച്ച് പോലീസ് ക്രൂരമായി തല്ലിച്ചതച്ചതും വിവാദമായിരുന്നു. നീതി കിട്ടിയെന്ന് ജീവിത പങ്കാളി ആയിരുന്ന ടിജിൻ പറഞ്ഞു.

വീട്ടില്‍ ആരുമില്ലെന്നുറപ്പാക്കി വീട്ടില്‍ കയറിയ നസീര്‍ എതിര്‍ത്ത യുവതിയെ ക്രൂരമായി മര്‍ദിച്ച് അബോധാവസ്ഥയില്‍ ആക്കിയായിരുന്നു ബലാല്‍സംഗം. പിന്നീടാണ് ജീവനോടെ കെട്ടിത്തൂക്കിയത്. യുവതിയുടെ നഖത്തിനടിയിൽ നിന്ന് കിട്ടിയ തൊലിയും ബീജവും അടക്കമുള്ള ശാസ്ത്രീയ തെളിവുകളാണ് പ്രോസിക്യൂഷന് കരുത്തായത്.  52 മുറിവുകളാണ് യുവതിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. കൂസലില്ലാതെയാണ് പ്രതി നസീര്‍ വിധി കേട്ടത്.