ആലപ്പുഴ അരൂർ മണ്ഡലത്തിലെ കടലോര ഗ്രാമങ്ങളിൽ കുടി വെള്ളത്തിന് നെട്ടോട്ടമോടി നാട്ടുകാർ. മാസങ്ങളായി ശുദ്ധജലം കിട്ടാതിരുന്ന നാട്ടുകാർക്ക് തിരഞ്ഞെടുപ്പ് സമയത്ത് അൽപ്പ കാലത്തേക്ക് ശുദ്ധജലം പൈപ്പുകളിലെത്തി. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും കുടിവെള്ളം മുട്ടി. കുടിവെള്ളം കിട്ടാതായതോടെ സ്ത്രീകൾ പ്രതിഷേധവുമായി രംഗത്തിറങ്ങി.
കുത്തിയതോട് പഞ്ചായത്തിലെ ഒന്നാം വാർഡിന്റെ ഭാഗമായ ചാപ്പ കടവിൽ കുടിവെളളം നിലച്ചിട്ട് രണ്ടു മാസമായി അരൂർ - തുറവൂർ ഉയര പാത നിർമ്മാണത്തിന്റെ ഭാഗമായി കാനയ്ക്ക് കുഴിയെടുക്കുമ്പോൾ അടിക്കടി ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പും അനുബന്ധ പൈപ്പുകളും പൊട്ടിത്തകരുന്നത് പതിവാണ്.
അരൂർ മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിൽ 25 ദിവസമായി ശുദ്ധജല വിതരണം തടസപ്പെട്ടിരിക്കുകയാണ്. കായലോരത്തും കടലോരത്തും പഴകി നശിച്ച പൈപ്പുകളാണുള്ളത്. ഇത് മാറ്റി പുതിയ കുടിവെള്ള വിതരണ പൈപ്പുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വേനൽ കടുത്തതോടെ തീരദേശത്ത് കുടിവെള്ളം കിട്ടാക്കനിയായി. ജലക്ഷാമം പരിഹരിക്കുന്നതിന് നടപടിയില്ലാത്തതിനാൽ ഒഴിഞ്ഞ കുടങ്ങളും പാത്രങ്ങളുമായി സ്ത്രീകൾ പ്രതിഷേധിച്ചു. അടിയന്തിരമായി കലക്ടർ ഇടപെട്ട് വാഹനങ്ങളിൽ കുടിവെള്ളം എത്തിച്ച് വിതരണം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.