hc-sid-accused

പൂക്കോട് സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്‍റെ മരണത്തില്‍ പ്രതികളായ 19 പേര്‍ക്കും തുടര്‍പഠനത്തിന് അവസരം നിഷേധിച്ച സര്‍വകലാശാലയുടെ നടപടി ശരിവച്ച് ഹൈക്കോടതി. പ്രതികളായ കെ. അഖിൽ, ആർ.എസ്. കാശിനാഥൻ, യു. അമീൻ അക്ബറലി, കെ. അരുൺ, സിഞ്ചോ ജോൺസൺ, എൻ. ആസിഫ് ഖാൻ, എ. അമൽ ഇഹ്സാൻ, ജെ. അജയ്, എ. അൽത്താഫ്, ഇ.കെ. സൗദ് റിസാൽ, വി. ആദിത്യൻ, മുഹമ്മദ് ധനീഷ്, റെഹാൻ ബിനോയ്, എസ്.ഡി. ആകാശ്, എസ്. അഭിഷേക്, ആർ.ഡി. ശ്രീഹരി, ഡോൺസ് ഡായ്, ബിൽഗേറ്റ് ജോഷ്വ തണ്ണിക്കോട്, വി. നസീഫ് എന്നിവരെയാണു പുറത്താക്കിയത്. മൂന്ന് വര്‍ഷത്തേക്ക് ഒരു ക്യാംപസിലും ഇവര്‍ക്ക് പ്രവേശനം അനുവദിക്കില്ല. മണ്ണുത്തി ക്യാംപസില്‍ പ്രവേശനം അനുവദിച്ച സിംഗിള്‍ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെ​ഞ്ച് റദ്ദാക്കി. സിദ്ധാര്‍ഥന്‍റെ അമ്മയുടെ അപ്പീല്‍ അനുവദിച്ചാണ് നടപടി. 

എല്ലാ പ്രതികളുടെയും മൊഴിയെടുത്തശേഷം ആന്റി റാഗിങ് സ്ക്വാഡ് തയാറാക്കിയ പുനരന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർവകലാശാല പ്രതികള്‍ക്ക് തുടര്‍പഠനത്തിന് അനുമതി നിഷേധിച്ചത്. ഹോസ്റ്റലിൽനിന്നു പുറത്താക്കിയ സിദ്ധാർഥന്റെ 3 സഹപാഠികളെ ഹോസ്റ്റലിലേക്കു തിരിച്ചെടുക്കാനുള്ള തീരുമാനവും റദ്ദാക്കി. സിദ്ധാർഥനെ റാഗ് ചെയ്യുന്നതിനു പ്രതികൾ ഗൂഢാലോചന നടത്തിയെന്നും സിദ്ധാർഥന്റെ ശരീരത്തിൽ അതിമാരകമായ മുറിവുകളുണ്ടാക്കിയെന്നും വൈദ്യസഹായം നിഷേധിച്ചുവെന്നും റാഗിങ് വിവരം അധികൃതരിൽനിന്നു ബോധപൂർവം മറച്ചുവച്ചുവെന്നും ആന്റി റാഗിങ് സ്ക്വാഡ് അന്വേഷണ റിപ്പോർട്ടിലുണ്ട്.

സിദ്ധാർഥൻ റാഗിങ്ങിന് ഇരയായതു മറച്ചുവയ്ക്കാൻ പ്രതികൾ ബോധപൂർവം ശ്രമിച്ചുവെന്നും നിയമ നടപടികളിൽനിന്നു രക്ഷപ്പെടാമെന്ന ധാരണയിൽ പലരും സംഭവത്തിനുശേഷം ക്യാംപസിൽനിന്നു കടന്നുകളഞ്ഞുവെന്നും ആന്റി റാഗിങ് സ്ക്വാഡ് റിപ്പോർട്ടിലുണ്ട്. കോളജ് യൂണി‍യൻ ചെയർമാനായിരുന്ന പ്രതി കെ. അരുൺ മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കാനായി ക്യാംപസിൽനിന്നു പോയി. ചില പ്രതികൾ​ സിനിമയ്ക്കും പോയി. മറ്റു ജില്ലകളിലെ കൂട്ടുകാരുടെ വീടുകളിൽ സുരക്ഷിതസ്ഥാനം തേടിയവരുമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സിദ്ധാർഥന്റെ മരണമുണ്ടായി ദിവസങ്ങൾക്കു ശേഷം സഹപാഠികളിലൊരാളെക്കൊണ്ട് സിദ്ധാർഥനെതിരെ ​‘വിശ്വസനീയമല്ലാത്ത പരാതി​’ ഉന്നയിച്ചു സംഭവത്തിന്റെ ഗതി മാറ്റാൻ ശ്രമമുണ്ടായെന്നും പരാമർശമുണ്ട്. പെൺകുട്ടിയുടെ പേരിൽ മറ്റൊരാളാണ് ആദ്യം പരാതി നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

ENGLISH SUMMARY:

In the Siddharthan death case at Pookode University, the Kerala High Court has upheld the university's decision to deny further academic opportunities to all 19 accused. The division bench overturned a previous order that allowed admission to one campus, reinforcing the ban across all campuses for three years. The action follows an appeal filed by Siddharthan’s mother.