കനത്ത മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇടുക്കി, എറണാകുളം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. പ്രഫഷനല്‍ കോളജുകള്‍, ട്യൂഷന്‍ സെന്‍ററുകള്‍, മദ്രസകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. ജില്ലയില്‍ നാളെ റെഡ് അലര്‍ട് പ്രഖ്യാപിച്ചിരുന്നു. തൊഴിലുറപ്പ്, തോട്ടം മേഖല എന്നിവിടങ്ങളിലെ ജോലിക്കും നാളെയും മറ്റന്നാളും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം, ഓറഞ്ച് അലര്‍ടുള്ള എറണാകുളത്തെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. 

സംസ്ഥാനത്ത് നാളെയും മറ്റന്നാളും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കിക്ക് പുറമെ പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നാളെ റെഡ് അലര്‍ടുണ്ട്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ടാണ്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് മഴയ്ക്കൊപ്പം വീശിയേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മലയോര മേഖലകളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിനും വിലക്കേര്‍പ്പെടുത്തി. 

അതിനിടെ ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ ഇടുക്കി, എറണാകുളം ജില്ലകളിൽ അടുത്ത മൂന്ന്  മണിക്കൂറിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40-60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

പ്രതീക്ഷിക്കാവുന്ന ആഘാതങ്ങൾ

  • പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക്  സാധ്യതയുള്ളതിനാൽ  ഗതാഗതക്കുരുക്ക് ഉണ്ടാകാം.
  • താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
  • മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
  • വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.
  • ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും  സാധ്യത.
  • മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും  തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു  നാശമുണ്ടാക്കാനും സാധ്യതയുണ്ട്.

നിർദേശങ്ങൾ

  • ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക 
  • അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.
ENGLISH SUMMARY:

Due to the red alert for heavy rainfall, a holiday has been declared for all educational institutions in Idukki and Ernakulam districts. The closure includes professional colleges, tuition centers, madrasas, and anganwadis. Authorities urge caution as weather conditions remain severe.