കൊച്ചിയില്‍ നിന്നും കാണാതായ കുട്ടിയെ തൊടുപുഴയില്‍ കണ്ടെത്തിയ സംഭവത്തില്‍ പിടിയിലായ പ്രതി ശശികുമാര്‍ മുന്‍പും പീഡനക്കേസില്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ്. അനില്‍ കുമാര്‍ എന്നായിരുന്നു അന്ന് പേര്. സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ചതിന് ശശികുമാറിനെതിരെ നേരെത്തെയും കേസുണ്ട്. കൃത്യമായ ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണ് കൈനോട്ടക്കാരന്‍ ശശികുമാറെന്നും പൊലീസ് വ്യക്തമാക്കുന്നു. 

അതേസമയം താന്‍ എളമക്കരയില്‍ നിന്നും പരീക്ഷ കഴിഞ്ഞ് തൊടുപുഴയിലെത്തിയത് സിനിമാ ലൊക്കേഷന്‍ കാണാനാണെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. യുട്യൂബിലാണ് തൊടുപുഴയെക്കുറിച്ചുള്ള വിഡിയോകള്‍ കണ്ടതെന്നും തൊടുപുഴയിലെ യുട്യൂബറുടെ ആരാധകനാണെന്നും കുട്ടി പറഞ്ഞു, മുന്‍പെപ്പഴോ പിതാവ് നല്‍കിയ പണം കയ്യിലുണ്ടായിരുന്നു, തൊടുപുഴ കാണുകയായിരുന്നു കുട്ടിയുടെ ലക്ഷ്യമെന്നും കൗണ്‍സിലിങ് കൊടുക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. 

തൊടുപുഴ ബസ് സ്റ്റാന്‍ഡില്‍വച്ചാണ് കുട്ടി ശശികുമാറിനെ കണ്ടത്. സഹായിക്കാമെന്നു പറഞ്ഞാണ് ഇയാള്‍ വീട്ടിലേക്കു കൊണ്ടുപോയത്. രാവിലെ തിരിച്ചുവിടാം എന്നു പറഞ്ഞെന്നും കുട്ടി പൊലീസിന് മൊഴി നല്‍കി. കുട്ടിയെ വീട്ടിൽ കൊണ്ടുപോയി ഉപദ്രവിച്ച കൈനോട്ടക്കാരൻ ശശികുമാറിനെതിരെ പോക്സോകേസ്  ചുമത്തി കേസെടുത്തു. കുട്ടി ഒപ്പം ഉണ്ടെന്ന് ശശികുമാർ പിതാവിനെ വിളിച്ചറിയിക്കുകയായിരുന്നു .

ഇന്നലെ വൈകിട്ട് ആറിന് കുട്ടി തൊടുപുഴയിൽ എത്തിയെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് കണ്ടെത്തിയിരിന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തി വരുമ്പോഴാണ് ഇന്ന് രാവിലെ കുട്ടി തന്റെ ഒപ്പമുണ്ടെന്ന് ശശികുമാർ പിതാവിനെ വിളിച്ചറിയിച്ചത്. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ശശികുമാറിനൊപ്പമാണ്‌ കുട്ടിയെ കണ്ടെത്തിയത്. 

ശശികുമാറിനെ കൊച്ചി ഏളമക്കര പൊലീസിന് കൈമാറി. ഇന്നലെ സ്കൂളിൽ നിന്ന് പരീക്ഷ എഴുതി മടങ്ങിയ കുട്ടി വീട്ടിലെത്തിയിരുന്നില്ല. പിതാവ് നൽകിയ പരാതിയിൽ എളമക്കര പൊലീസ് അന്വേഷണം നടത്തി വരുമ്പോഴാണ് കുട്ടിയെ തൊടുപുഴയിൽ നിന്ന് കണ്ടെത്തിയത്.

ENGLISH SUMMARY:

In the case of the missing child from Kochi who was found in Thodupuzha, the arrested accused, Sashikumar, has previously been involved in a sexual abuse case, according to the police. At that time, he was known by the name Anil Kumar. Sashikumar also has previous cases against him for attempting to harass women. Police state that Sashikumar, who is a native of Kainatty, has a clear criminal background.