ലൈബീരിയന്‍ ചരക്കുകപ്പല്‍ എംഎസ്‌സി എല്‍സ3 അറബിക്കടലില്‍ ആലപ്പുഴയ്ക്കു സമീപം മുങ്ങിയതിനെത്തുടര്‍ന്നുണ്ടായ എണ്ണപ്പാട നീക്കാനുള്ള ദൗത്യം അതികഠിനം. ആദ്യം വ്യാപിച്ച രണ്ട് നോട്ടിക്കല്‍ മൈല്‍ അതായത് 3.7കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രം എണ്ണപ്പാട ഒതുക്കി നിര്‍ത്താനും തീരത്തേക്കു വ്യാപിക്കുന്നത് തടയാനുമുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
എന്നാല്‍ കനത്ത മഴയും അതിശക്തമായ കാറ്റും മൂലം കടല്‍ പ്രക്ഷുബ്ധമായതും കാഴ്ചാ പരിധി കുറഞ്ഞതും തീരസേനയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. വ്യോമ നിരീക്ഷണത്തിനും എണ്ണപ്പാട നശിപ്പിക്കുന്ന രാസവസ്തുക്കളുള്ള ഓയില്‍ സ്പില്‍ ഡിസ്പേഴ്സന്റ് (ഒഎസ്ഡി) വിതറാനുമായെത്തിയ ഡോണിയര്‍ വിമാനത്തിനു ഇന്നലെ പ്രതികൂല കാലാവസ്ഥ മൂലം താഴ്ന്നു പറക്കാനാവാതെ മടങ്ങിപ്പോകേണ്ടിയും വന്നിരുന്നു. ഉച്ചയ്ക്ക് വിമാനം വീണ്ടും ഈ മേഖലയിലെത്തി. കപ്പല്‍ മുങ്ങിയ സ്ഥലത്ത് നൂറോളം കണ്ടെയ്നറുകളും അതിനുള്ളിലെ സാധനങ്ങളും ചിതറിക്കിടക്കുന്നതും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയായി.
നിലവിലുള്ള പട്രോള്‍ യാനങ്ങള്‍ക്കു പുറമേ ആധുനിക മലിനീകരണ നിയന്ത്രണ സംവിധാനങ്ങളുള്ള കപ്പലായ ഐസിജിഎസ് സമുദ്രപ്രഹരിയെക്കൂടി മേഖലയിലേക്ക് നിയോഗിച്ചിട്ടുണ്ട്. കപ്പല്‍ക്കമ്പനിയായ എംഎസ്എസിയും പ്രഫഷണലുകളെ നിയോഗിച്ചിട്ടുണ്ട്. മെര്‍ക്കന്റൈല്‍ മറൈന്‍ വകുപ്പ് മലിനീകരണ ബാധ്യതാ മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്നാണിത്.
മുങ്ങിയ എല്‍സയില്‍ ഇന്ത്യയില്‍ നിരോധിച്ച കാല്‍സ്യം കാര്‍ബൈഡും ഉണ്ടായിരുന്നു. രാജ്യത്ത് വില്‍പനയും ഉപയോഗവും നിരോധിച്ചിട്ടുള്ള വസ്തുവാണ് കാല്‍സ്യം കാര്‍ബൈഡ്. 12 കണ്ടെയ്നറുകളില്‍ കാല്‍സ്യം കാര്‍ബൈഡ് ആണെന്നത് വലിയതോതിലുള്ള ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇതു പ്രതിപ്രവര്‍ത്തിച്ചാല്‍ കടലിലെ ക്ഷാരാംശവും താപനിലയും ഗണ്യമായി കൂടും. കാല്‍സ്യത്തിന്റേയും കാര്‍ബണിന്റേയും സംയുക്തമായ കാല്‍സ്യം കാര്‍ബൈഡ് വെള്ളവുമായി ചേര്‍ന്നാല്‍ അസറ്റലിന്‍ വാതകമുണ്ടാകും. പെട്ടെന്ന് തീപിടിക്കുന്നതാണിത്. ഓക്സിജന്റെ സാന്നിധ്യം കൂടിയായാല്‍ തീയുടെ ആഘാതം വളരെ വലുതായിരിക്കും. പല രാജ്യങ്ങളും നിരോധിച്ചിട്ടുള്ള ഇത് നിലവില്‍ പല രാസ പദാര്‍ഥങ്ങളും നിര്‍മിക്കാനുള്ള അസംസ്കൃത വസ്തുവായാണ് ഉപയോഗിക്കുന്നത്.
ജലജീവികള്‍ക്കും ആവാസവ്യവസ്ഥയ്ക്കും മനുഷ്യര്‍ക്കും അപകടമുണ്ടാക്കുന്ന വസ്തുവാണിത്. 12 കണ്ടെയ്നറുകളിലും മുഴുവനായും കാല്‍സ്യം കാര്‍ബൈഡ് നിറച്ചിട്ടുണ്ടെങ്കില്‍ ഏകദേശം 300ടണ്ണോളം കാല്‍സ്യം കാര്‍ബൈഡ് കപ്പലില്‍ ഉണ്ടായിരിക്കാനാണ് സാധ്യത.