പെരുമഴ തുടരുന്ന മലബാറില്‍ ഇന്നും ട്രെയിന്‍ യാത്ര ദുരിതമാകും. കോഴിക്കോട് അരീക്കാട് മരംവീണ് റെയില്‍വേ ഇലക്ട്രിക് ലൈന്‍ പൊട്ടിവീണു. കോഴിക്കോട് – ഷൊര്‍ണൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. രണ്ടാം ട്രാക്കിലൂടെ ഗതാഗതം താല്‍ക്കാലികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്. ഷൊര്‍ണൂര്‍ – കോഴിക്കോട് റൂട്ടില്‍ ട്രെയിനുകള്‍ വൈകുന്നു. മംഗലാപുരം – തിരുവനന്തപുരം വന്ദേഭാരത് രണ്ടേകാല്‍ മണിക്കൂറും മംഗലാപുരം–കന്യാകുമാരി പരശുറാം എക്സ്പ്രസ് ഒന്നരമണിക്കൂറും വൈകിയോടുന്നു.
Read Also: തോരാപ്പെയ്ത്ത്; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്; മൂന്നിടത്ത് സ്കൂള്‍ അവധി
കോതമംഗലം പിടവൂരില്‍ ശക്തമായ കാറ്റില്‍ മരങ്ങള്‍ വീണ് വീട് തകര്‍ന്നു. വീട്ടുകാര്‍ പുറത്തായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. പിടവൂര്‍ മംഗലത്ത് ഷമീറിന്‍റെ വീടാണ് ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും തകര്‍ന്നത്. ഷമീറും കുടുംബവും ആശുപത്രിയില്‍ പോയ സമയത്താണ് വീട് തകര്‍ന്നത്. ഷീറ്റും ഒാടും ഉപയോഗിച്ച് മേഞ്ഞിരുന്ന മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു
ചെമ്പന്‍കുഴിയില്‍ ഓട്ടോയ്ക്ക് മുകളിലേക്ക് മരം വീണ് യാത്രക്കാര്‍ക്ക് പരുക്കേറ്റു. പിടവൂരിലും കോട്ടപ്പടിയിലും മരം വീണ് വീടുകള്‍ തകര്‍ന്നു. ചേലാട‌്, നെല്ലിമറ്റം, അയ്യപ്പന്‍മുടി എന്നിവിടങ്ങളിലും നാശനഷ്ടങ്ങളുണ്ടായി. റോഡിലേക്ക് മരം വീണ് ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു
ഷൊര്‍ണൂര്‍ ഗണേഷ്ഗിരി സെന്‍റ് ആന്‍റണീസ് സ്കൂളിന്‍റെ മേല്‍ക്കൂര കനത്ത മഴയില്‍ തകര്‍ന്നുവീണു. കോഴിക്കോട് ഷൊര്‍ണൂര്‍ റൂട്ടില്‍ ഗതാഗതം തടസപ്പെട്ടു
ശക്തമായ കാറ്റിൽ ഇടുക്കി തൊപ്പിപ്പാള പെരിയോൻ കവല സ്വദേശി രാജേഷിന്റെ വീടിന്റെ മേൽക്കൂര പറന്നു പോയി. രാത്രി ഉണ്ടായ ശക്തമായ കാറ്റിലാണ് മേൽക്കൂര പറന്നത്. ഇതോടെ വീടിനുള്ളിൽ വെള്ളം കയറി. നെടുങ്കണ്ടം ആശാരികണ്ടം റോഡിൽ മരം ഒടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. അഗ്നിശമനസേനയെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. കുമിളി മൂന്നാർ സംസ്ഥാനപാതയിൽ വിധിയിടങ്ങളിൽ മരം വീണ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു.