Image: Manorama/ Rijo Joseph
സംസ്ഥാനത്ത് കാലവര്‍ഷം അതീവ ശക്തിയാര്‍ജിക്കുന്നു. അതിതീവ്ര മഴയും മഴക്കെടുതികളും തുടരുന്നു. കോഴിക്കോട്,വയനാട്,കണ്ണൂർ ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. കാസർകോട്,മലപ്പുറം,തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർടും മറ്റെല്ലാ ജില്ലാകളിലും യെലോ അലര്‍ടുമുണ്ട്. കൊല്ലവും തിരുവനന്തപുരവും ഒഴികെ പന്ത്രണ്ട് ജില്ലകളിലും പെട്ടെന്നുള്ള വെള്ളക്കെട്ടിനും വെള്ളപ്പാച്ചിലിനും ഇടയുണ്ട്. കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ സ്കൂൾ, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ അങ്കണവാടികള്‍, മദ്രസകള്‍, സ്പെഷല്‍ ക്ലാസുകള്‍ എന്നിവയ്ക്കും കോട്ടയം ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.
കടൽ അതീവ പ്രക്ഷുബ്ധമായതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 29 വരെ കടലിൽ പോകരുതെന്നും നിര്‍ദേശമുണ്ട്. മലയോരത്തേക്കും കടലോരത്തേക്കുമുള്ള യാത്ര ഒഴിവാക്കണം. ജലാശയങ്ങളിൽ ഇറങ്ങരുത്. സർക്കാർ നൽകുന്ന മുന്നറിയിപ്പുകൾ പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറബിക്കടൽ പ്രക്ഷുബ്ധമായതിനെ തുടർന്ന് കേരള തീരത്ത് റെഡ്-ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു.ഉയർന്ന തിരകൾക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ആലപ്പുഴയിലെ ബീച്ചുകളില്‍ വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം
ആലപ്പുഴയിൽ വിവിധയിടങ്ങളിൽ കടലാക്രമണം ശക്തം. ചേർത്തല ഒറ്റമശേരി, പുന്നപ്ര, തൃക്കുന്നപ്പുഴ ചേലക്കാട്, ആറാട്ടുപുഴ തറയിൽ കടവ് എന്നിവിടങ്ങളിലാണ് കടൽ ക്ഷോഭം ശക്തം. ഒറ്റമശേരിയിൽ നിരവധി വീടുകൾ തകർച്ചാ ഭീഷണിയിലാണ്. മുതുകേൽ കുട്ടച്ചന്റെ വീടും, പടിഞ്ഞാറെ വീട്ടിൽ ദാസൻ എന്നിവരുടെ വീടുകൾ കടലെടുക്കുന്ന നിലയിലാണ്. കടലേറ്റത്തിൽ നിരവധി വീടുകളിൽ വെള്ളം കയറി. പുന്നപ്ര തെക്ക്, വടക്ക് പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിൽ കടൽ ഭിത്തി തകർന്നു. കടൽ പ്രക്ഷുബ്ദമായതിനാല്‍ ആലപ്പുഴ ജില്ലയിലെ വിവിധ ബീച്ചുകളിൽ വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. തൃക്കുന്നപ്പുഴ, ആറാട്ടുപുഴ തറയിൽക്കടവ് ഭാഗങ്ങളിൽ കടൽഭിത്തിക്ക് മുകളിലൂടെയാണ് തിരമാലകൾ ആഞ്ഞടിക്കുന്നത്.
അതിനിടെ എറണാകുളം ഗിരിനഗറിൽ, സൊസൈറ്റി കമ്മ്യൂണിറ്റി ഹാളിന്‍റെ സീലിങ് തകർന്ന് വീണ് മൂന്നു കുട്ടികൾക്കും ഒരു കുട്ടിയുടെ അമ്മയ്ക്കും പരുക്ക്. ഡാൻസ് മത്സരം നടന്ന വേദിയുടെ സീലിങ് ആണ് തകർന്ന് വീണത്. ഇത് കുട്ടികളുടെ തലയിൽ പതിക്കുകയായിരുന്നു. ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചു. നാലുപേരും ചികിത്സയിൽ തുടരുകയാണ്.
കോട്ടയത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ല
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാലും ജില്ലയിലെ പ്രഫഷനൽ കോളജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ/ സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയ്ക്ക് 2025 മേയ് 27 ന് അവധി പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.പുഴകളിലും ജലാശയങ്ങളിലും ജലനിരപ്പ് ഉയർന്നതിനാൽ എല്ലാവരും ജാഗ്രത പാലിക്കണം. കുട്ടികൾ ജലാശയങ്ങളിലും വെളിക്കെട്ടിലും ഇറങ്ങരുത്. ശക്തമായ കാറ്റ് മരങ്ങളെ കടപുഴക്കുന്നുണ്ട്. യാത്രകളിൽ അതീവ ശ്രദ്ധ പുലർത്താൻ എല്ലാവരും ശ്രദ്ധിക്കണം.
ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു
കോഴിക്കോട് - ഷൊർണൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പൂർണമായും പുനസ്ഥാപിച്ചു. കോഴിക്കോട് അരീക്കാട് ആനറോഡിന് സമീപം റെയിൽവേ ട്രാക്കിൽ ചുഴലിക്കാറ്റിൽ മരങ്ങളും വീടിൻ്റെ മേൽക്കൂരയും വീണതിനെ തുടർന്ന് എട്ടു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചിരുന്നു. തുടർന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും റെയിൽവേ ഉദ്യോഗസ്ഥരും ചേർന്ന് മരങ്ങളും മുറിച്ചു നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. പിന്നീട് ഷൊർണൂർ ഭാഗത്തേക്കുള്ള ട്രാക്കിലെ ഗതാഗതം 3 മണിക്കൂറിനകം പുനസ്ഥാപിച്ചിരുന്നു. കോഴിക്കോട് ഭാഗത്തേക്കുള്ള ട്രാക്കിലെ ഗതാഗതം പിന്നെയും മണിക്കൂറുകൾ എടുത്താണ് പുനസ്ഥാപിച്ചത്.
കോഴിക്കോട് സ്കൂളുകള്‍ക്ക് അവധി
ശക്തമായ മഴ തുടരുന്നതിനാൽ കോഴിക്കോട് ജില്ലയിൽ ഇന്നും റെഡ് അലർട്ട്. സ്കൂൾ, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. മൂന്ന് ക്യാംപുകളിലായി 88 പേരെ മാറ്റി പാർപ്പിച്ചു. ഇന്നലെ മാത്രം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 60 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത മഴയില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 5.8 കോടി രൂപയുടെ കൃഷിനാശമുണ്ടായതായാണ് പ്രാഥമിക കണക്ക്.
മുബീലിനായി തിരച്ചില്‍ തുടരും
കനത്ത മഴയിലും കാറ്റിലും പാലക്കാട് അട്ടപ്പാടിയിൽ ഉണ്ടായത് വലിയ നാശനഷ്ടം. അഞ്ചു വീടുകളും ഏക്കർ കണക്കിനു കൃഷിയും നശിച്ചു. മരം വീണു പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ജില്ലയിലാകെ മഴയും മഴക്കെടുതികളും തുടരുകയാണ്. പട്ടാമ്പി കൊപ്പത്ത് തൂതപ്പുഴ കരകവിഞ്ഞൊഴുകിയതിനാൽ തീരത്തുള്ളവരോട് ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം മണ്ണാർക്കാട് കുരുത്തിചാലിൽ പുഴയിൽ കാണാതായ ഒറ്റപ്പാലം സ്വദേശി മുബീലിന് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. കുന്തിപ്പുഴയിൽ കാണാതായ മുബീലിനു വേണ്ടി രണ്ടുദിവസം തിരച്ചിൽ നടത്തിയിട്ടും നിരാശയായിരുന്നു ഫലം .
വയനാട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
വയനാട്ടിൽ ഇടവിട്ടുള്ള ശക്തമായ മഴ തുടരുന്നു. ബാണാസുര ഡാം, പടിഞ്ഞാറത്തറ പ്രദേശങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും അധികം മഴ ലഭിച്ചത്. ബത്തേരി കല്ലൂർ പുഴ കരകവിഞ്ഞതിനെ തുടർന്ന് നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ജില്ലയിൽ പത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇന്നും റെഡ് അലർട്ട് ആയതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. മലയോരത്തേക്കുള്ള യാത്രകളിൽ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. നിരവധി ഇടങ്ങളിൽ മരം വീണ് വൈദ്യുതി ബന്ധം നിലച്ചു. അപകടകമായി നിൽക്കുന്ന മരങ്ങൾ അടിയന്തരമായി വെട്ടിമാറ്റാൻ ജില്ലാ കലക്ടർ നിർദേശം നൽകി.