ദേശീയപാതയിലെ അപകടങ്ങൾക്ക് സംസ്ഥാനം കേന്ദ്രത്തെ പഴിക്കുമ്പോൾ, അപകട ഭീഷണിയായി സംസ്ഥാനപാതകൾ. കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയാണ് മഴ ശക്തമായതോടെ അപകട പാതയായി മാറിയത്. വഴി പരിചയമില്ലാത്ത യാത്രക്കാർക്ക് വെള്ളം കെട്ടിനിൽക്കുന്ന കുഴികൾ വൻ ഭീഷണിയാണ്.
ദേശീയപാത തകർച്ചയിൽ കൈ കഴുകുന്ന സംസ്ഥാന സർക്കാരിന്‍റെ ശ്രദ്ധയിലേക്കാണ്. കാസർകോട് മുതൽ കാഞ്ഞങ്ങാട് വരെയുള്ള സ്റ്റേറ്റ് ഹൈവേ 57ൽ തുടക്കം മുതൽ ഒടുക്കം വരെ കുഴികളാണ്. കാസർകോട് നഗരം മുതൽ ചന്ദ്രഗിരി പാലം വരെയുള്ള മേഖലയിൽ പാതാളക്കുഴികളും. മഴ ശക്തമായതോടെ റോഡ് എവിടെ കുഴി എവിടെയെന്ന് തിരിച്ചറിയാൻ വയ്യ. വാഹനങ്ങളുടെ വേഗം കുറയ്ക്കാൻ മുന്നറിയിപ്പ് നൽകുന്ന സിഗ്നൽ കാട്ടിൽ കിടന്നാണ് മിന്നുന്നത്. ഇവിടെ ഇരുചക്ര യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവ്.
റോഡ് റീടാർ ചെയ്യാൻ ഭരണാനുമതി ലഭിച്ചില്ലെങ്കിലും സാങ്കേതിക അനുമതി അകാരണമായി നീളുകയാണ്. 27 കിലോമീറ്റർ അറ്റകുറ്റപ്പണിക്ക് 38 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പിഡബ്ല്യുഡി ചീഫ് എൻജിനീയറാണ് സാങ്കേതിക അനുമതി നൽകേണ്ടത്. അപകടങ്ങൾ തുടർന്നാലും, അനുമതി കിട്ടി ടെൻഡർ വിളിച്ച് റോഡ് പണി ഈ കാലത്ത് ഒന്നും തുടങ്ങില്ലെന്ന് ഉറപ്പ്.