karuvannur-followup

TOPICS COVERED

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഎമ്മിനും, നേതാക്കൾക്കും കുരുക്കായത് മുൻ ബാങ്ക് സെക്രട്ടറിയും, മാനേജരുമടക്കമുള്ളവരുടെ മൊഴികൾ. അനധികൃത വായ്പകൾ അനുവദിക്കാൻ സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്നും സമ്മർദ്ദം ഉണ്ടായിരുന്നു എന്നാണ് ബാങ്ക് മാനേജർ ബിജു കരീമടക്കം രഹസ്യമൊഴി നൽകിയത്. പി.ആർ. അരവിന്ദാക്ഷനടക്കമുള്ള പ്രതികളുടെ കുറ്റസമ്മതവും പാർട്ടി നേതാക്കൾക്കെതിരായ തെളിവായി.

കരുവന്നൂർ സഹകരണ ബാങ്കിലെ മുൻ മാനേജർ ബിജു കരീമും, മുൻ സെക്രട്ടറി സുനിൽ കുമാറും മജിസ്‌ട്രേറ്റിന് നൽകിയ രഹസ്യ മൊഴികളാണ് കേസിൽ വഴിത്തിരിവായത്. ബെനാമി ലോണുകൾ നൽകിയത് സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളുടെ നിർദ്ദേശപ്രകാരമാണെന്നാണ് മൊഴി. ബാങ്കിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത് ജില്ലാ കമ്മിറ്റി അംഗങ്ങളാണ്. ബാങ്കിന്റെ ഭരണസമിതിക്ക് മുകളിലായി പാർട്ടി സബ് കമ്മിറ്റിയും, പാർലമെൻ്ററി പാർട്ടി കമ്മിറ്റിയും പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഈ കമ്മിറ്റികൾ തൃശൂർ ജില്ലാ കമ്മിറ്റി നോമിനേറ്റ് ചെയ്ത അംഗങ്ങൾ ഉൾപ്പെട്ടതായിരുന്നു. പൊറത്തുശ്ശേരിയിൽ പാർട്ടി ഓഫീസ് വാങ്ങുന്നതിനായി 'സിപിഎം പിആർവൈ ബിൽഡിംഗ് ഫണ്ട്' എന്ന പേരിൽ കരുവന്നൂർ ബാങ്കിൽ അക്കൗണ്ട് തുറന്നിരുന്നു. ബെനാമി ലോണുകളിൽ നിന്ന് ലഭിച്ച കമ്മീഷനിൽ നിന്ന് 2018 മെയ് 9-ന് ഒരു ലക്ഷം രൂപ ഈ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതായും മൊഴികൾ ഉണ്ട്. ഇതോടൊപ്പം കേസിലെ പ്രതികളായ സിപിഎം പ്രാദേശിക നേതാവ് പി.ആർ.അരവിന്ദാക്ഷൻ അടക്കമുള്ളവരുടെ കുറ്റസമ്മതവും പാർട്ടിക്കും നേതാക്കൾക്കും കുരുക്കായി. പി.എം.എൽഎ കേസുകളിൽ പ്രതികളുടെ കുറ്റസമ്മതം മറ്റ് പ്രതികൾക്കെതിരെയുള്ള തെളിവായി സ്വീകരിക്കപ്പെടും. ഇതൊക്കെയാണ് അന്തിമ കുറ്റപത്രത്തിൽ മുൻ ജില്ലാസെക്രട്ടറിമാർക്കും, പാർട്ടി ജില്ലാ കമ്മിറ്റിക്കും എതിരെയുള്ള പ്രധാന തെളിവുകളായത്.

ENGLISH SUMMARY:

In the Karuvannur black money scam case, statements from former bank secretary and manager have implicated CPM leaders. The bank manager, Biju Kareem, revealed in a confidential statement that there was pressure from the CPM district committee to approve illegal loans. The confessions of accused including P.R. Aravindakshan have strengthened the case against the party leadership.