റവന്യൂ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഇടുക്കി ദേവികുളം എംഎൽഎ എ.രാജ. കയ്യും കാലും തല്ലിയൊടിക്കുമെന്നായിരുന്നു ഭീഷണി. നിയമം നോക്കിയാൽ നാട്ടിൽ കെട്ടിടങ്ങൾ ഉയരില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്നാർ സ്പെഷ്യൽ തഹസിൽദാർ സി. ഗായത്രിയെയാണ് അദ്ദേഹം ഭീഷണിപ്പെടുത്തിയത്. നിയമപരമായി മാത്രമേ ചെയ്യാൻ കഴിയൂ എന്ന് തഹസിൽദാർ അറിയിച്ചു.
കെട്ടിടനിർമാണത്തിന് എൻ.ഒ.സി. നൽകാത്തതിനെതിരേ എ. രാജയുടെ നേതൃത്വത്തിൽ ദേവികുളം താലൂക്ക് ഓഫീസിന് മുന്നിൽ കഴിഞ്ഞ ദിവസം ധർണ നടത്തിയിരുന്നു. മേഖലയിലെ പട്ടയഭൂമിയിൽ വീട് നിർമാണത്തിന് ഉൾപ്പെടെ എൻ.ഒ.സി. നൽകാത്തതിനെതിരേയായിരുന്നു ധർണ. സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളിൽ പഞ്ചായത്ത് പെർമിറ്റ് ഉപയോഗിച്ച് വീട് നിർമിക്കാനാകും.
എന്നാൽ, മൂന്നാർ അടക്കമുള്ള 13 വില്ലേജുകളിൽ കെട്ടിടങ്ങൾ നിർമ്മിക്കണമെങ്കിൽ തഹസിൽദാരിൽ നിന്നോ സബ് കലക്ടറിൽ നിന്നോ എൻ.ഒ.സി. നേടേണ്ടത് അനിവാര്യമാണ്. കഴിഞ്ഞ എട്ടുമാസമായി ഈ മേഖലയിൽ എൻ.ഒ.സി. അനുവദിച്ചു നൽകുന്നില്ല. ലൈഫ് മിഷൻ പദ്ധതി വഴി വീട് ലഭിച്ചവർക്കും എൻ.ഒ.സി. ലഭിക്കുന്നില്ലെന്ന് എം.എൽ.എ. ആരോപിച്ചു